NEWSROOM

കേരള ഹൗസ് ആക്രമണ കേസ്: വി. ശിവദാസന്‍ എംപി ഉള്‍പ്പെടെ 10 പേരെ വെറുതെവിട്ടു

ഒടുവിൽ സത്യം വിജയിച്ചുവെന്നായിരുന്നു വിധി വന്ന ശേഷമുള്ള ഡോ. വി. ശിവദാസന്‍റെ ആദ്യ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി കേരള ഹൗസ് ആക്രമണ കേസിൽ ഡോ. വി. ശിവദാസന്‍ എംപി ഉള്‍പ്പെടെയുള്ള 10 പേരെ വെറുതെവിട്ടു. കേസിൽ ഇനിയും കണ്ടെത്താനാകാത്ത 14 പേര്‍ക്കെതിരെ പ്രത്യേക കുറ്റപത്രം തയ്യാറാക്കി വിചാരണ ആരംഭിക്കും. ഡല്‍ഹി റൗസ് അവന്യൂ കോടതി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പരസ് ദലാൽ ആണ് കേസിൽ വിധി പ്രസ്താവിച്ചത്. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഭാ​ഗമായി കേരള ഹൗസിനുള്ളില്‍ കോലം കത്തിച്ചതിനായിരുന്നു കേസ്.

പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ടാലറിയുന്ന ശിവദാസൻ അടക്കമുള്ള 10 എസ്എഫ്ഐ- സിപിഎം നേതാക്കൾക്കെതിരെയാണ് ഡൽഹി പൊലീസ് കേസെടുത്തിരുന്നത്. ഇവരെ അറസ്റ്റ് ചെയ്ത് തിഹാ‍ർ ജയിലിൽ റിമാൻഡിൽ ആക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിഷേധങ്ങളുടെ ഭാ​ഗമായിരുന്ന 14 പേരെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് ഡൽഹി പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഈ 14 പേരെ കണ്ടെത്തണമെന്നും ഇവരെ വിചാരണ ചെയ്യണമെന്നും കോടതി പറഞ്ഞിരിക്കുന്നത്. സമയബന്ധിതമായി അന്വേഷണം നടത്തി ആറു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ നി‍ർദേശം.

ഒടുവിൽ സത്യം വിജയിച്ചുവെന്നായിരുന്നു വിധി വന്ന ശേഷമുള്ള ഡോ. വി. ശിവദാസന്‍റെ ആദ്യ പ്രതികരണം.   പ്രതിഷേധങ്ങളെ എതിർക്കുന്നവർക്കുള്ള മറുപടിയാണിത്.  ജനാധിപത്യപരമായ പ്രതിഷേധത്തെ കള്ളക്കേസ് ചുമത്തി ശിക്ഷിച്ചുവെന്നും ശിവദാസന്‍ ആരോപിച്ചു.  പ്രതിയെന്ന നിലയിൽ  ഡല്‍ഹിയിലെ കോടതി വരാന്തകൾ കയറിയിറങ്ങേണ്ടി വന്നു.യുഡിഎഫ് സർക്കാർ കഴിഞ്ഞ കാലങ്ങളിൽ ചെയ്ത അനിഷ്ട സംഭവങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ വിധിയെന്നും ശിവദാസന്‍ കൂട്ടിച്ചേർത്തു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2013ല്‍ നടന്ന സോളാർ ആഴിമതിക്ക് എതിരായ സമരങ്ങളുടെ തുടർച്ചയായാണ് കേരള ഹൗസിനുള്ളിൽ വി. ശിവദാസനും എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും ചേർന്ന് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന്റെ ഭാ​ഗമായി ഉമ്മന്‍ചാണ്ടിയുടെ കോലവും കത്തിച്ചു. കോലം കത്തിച്ച എസ്എഫ്ഐ പ്രവർത്തകർ കേരളാ ഹൗസിന്റെ പ്രധാന ബ്ലോക്കിന് തീയിടാനാണ് ശ്രമിച്ചതെന്നാണ് കേസ്.

SCROLL FOR NEXT