ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ചേരും. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ മുൻ എഎപി സർക്കാരിനെതിരെയുള്ള സിഎജി റിപ്പോർട്ടുകൾ അവതരിപ്പിക്കുമെന്നാണ് ഭരണകക്ഷിയായ ബിജെപി സർക്കാർ അറിയിച്ചിരിക്കുന്നത്. നീണ്ട 27 വർഷങ്ങൾക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് വീണ്ടും ബിജെപി അധികാരത്തിലെത്തുന്നത്. ആദ്യ സമ്മേളനം വാദപ്രതിവാദങ്ങളിൽ മുഖരിതമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബിജെപി സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് എഎപി നേതാവ് അതിഷി മർലേന കത്തയച്ചിരുന്നു. ആദ്യ ക്യാബിനറ്റിൽ തന്നെ സ്ത്രീകൾക്ക് സാമ്പത്തിക സഹായത്തിനായി പദ്ധതി പ്രഖ്യാപിക്കുമെന്ന വാഗ്ദാനം ലംഘിച്ചുവെന്ന് കാട്ടിയാണ് അതിഷിയുടെ കത്ത്.മുഖ്യമന്ത്രി രേഖ ഗുപ്തയുമായി കൂടിക്കാഴ്ചയ്ക്ക് അതിഷി കത്തില്‍ സമയം ചോദിച്ചിട്ടുണ്ട്.
ഫെബ്രുവരി 5 ന് നടന്ന തെരഞ്ഞെടുപ്പിൽ 70 നിയമസഭാ സീറ്റുകളിൽ 48 എണ്ണം നേടിയാണ് ബിജെപി ആം ആദ്മിയിൽ നിന്ന് ഡൽഹി ഭരണം നേടിയെടുത്തത്. അതേസമയം, ആം ആദ്മി പാർട്ടിക്ക് 22 സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്. എഎപിയുടെ പ്രമുഖ നേതാക്കളിൽ അതിഷിക്ക് മാത്രമാണ് വിജയിക്കാൻ സാധിച്ചത്. അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് എന്നിവർ പരാജയപ്പെട്ടിരുന്നു.
ഡൽഹി നിയമസഭാ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി അതിഷി മർലേനയെയാണ് എഎപി തെരഞ്ഞെടുത്തിരിക്കുന്നത്. എഎപി എംഎൽഎമാരുടെ യോഗത്തിലായിരുന്നു തീരുമാനം. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഡൽഹിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നയിച്ച വ്യക്തിയാണ് അതിഷിയെന്ന് പ്രഖ്യാപനത്തിന് പിന്നാലെ എഎപി നേതാവ് ഗോപാൽ റായ് പറഞ്ഞു. ഡൽഹി നിയമസഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവ് കൂടിയാണ് അതിഷി.