ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി ഓഗസ്റ്റ് 8 വരെ നീട്ടി. ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് വിധി. കൂടാതെ, മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ കവിത എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി ജൂലൈ 31 വരെയും നീട്ടി. കേസ് ജൂലൈ 31ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
അരവിന്ദ് കെജ്‌രിവാൾ വീഡിയോ കോൺഫറൻസിങ് വഴിയാണ് ഹിയറിംഗിൽ പങ്കെടുത്തതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ജൂലൈ 12നായിരുന്നു കെജ്‌രിവാളിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 25 വരെ നീട്ടിയത്. ജൂണ്‍ 25 ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കെജ്‍രിവാളിനെ തിഹാര്‍ ജയിലില്‍ സിബിഐ ചോദ്യം ചെയ്യുകയും ജൂണ്‍ 26ന് കോടതി അനുമതിയോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ALSO READ: എന്താണ് ഡല്‍ഹി മദ്യനയം? കെജ്‌രിവാളിനെതിരെ അന്വേഷണം തുടര്‍ക്കഥയാകുമ്പോള്‍
ഡല്‍ഹി മദ്യനയ അഴിമതിയിലെ മുഖ്യ സൂത്രധാരന്‍ അരവിന്ദ് കെജ്‍രിവാളാണെന്നാണ് സിബിഐയുടെ വാദം. കേസില്‍ ആം ആദ്മി പാര്‍ട്ടിയും താനും തെറ്റ് ചെയ്തിട്ടില്ലെന്നും മദ്യ വ്യവസായത്തിലൂടെ നികുതി കൂട്ടാന്‍ മാത്രമായിരുന്നു നിര്‍ദേശം നല്‍കിയിരുന്നതെന്നുമാണ് കെജ്‌രിവാള്‍ പറയുന്നത്. കോവിഡ് കാലത്ത് കെജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പ് അംഗങ്ങളുടെ സ്വകാര്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയെന്നും സൗത്ത് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പിന്നീട് മദ്യനയം ആവുകയായിരുന്നു എന്നുമാണ് സിബിഐ വാദം.