NEWSROOM

ഡെൽഹി മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് സിബിഐ

സ്വയം വാദം നടത്തിയാണ് സിബിഐയുടെ ആക്ഷേപത്തെ കെജ്‌രിവാൾ എതിർത്തത്

Author : ന്യൂസ് ഡെസ്ക്

ഡെൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് സിബിഐ കെജ്‌രിവാളിനെ കസ്റ്റഡിയിൽ വിട്ടത്. ആം ആദ്മി പാർട്ടിയും താനും തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും കെജ്രിവാൾ ഇന്ന് കോടതിയെ നേരിട്ടറിയിച്ചു. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം സ്റ്റേ ചെയ്ത ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജി കെജ്‌രിവാൾ പിൻവലിച്ചു.

ഇഡി കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിബിഐ തിരക്കിട്ട നീക്കം നടത്തി ഇന്നലെ രാത്രി ജയിലിലെത്തി കെജ്രിവാളിനെ ചോദ്യം ചെയ്തത്. വിചാരണ കോടതിയിൽ നിന്നും പ്രൊഡക്ഷൻ വാറണ്ട് വാങ്ങി ഇന്ന് രാവിലെ തന്നെ കോടതിയിൽ ഹാജരാക്കുകയും അഞ്ച് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. മദ്യനയ രൂപീകരണത്തില്‍ എക്സൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാൽ എതിര്‍പ്പറിയിച്ച ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റിയെന്ന ഗുരുതര ആരോപണമാണ് സിബിഐ ഉന്നിയിച്ചത്.

മദ്യനയ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത് ഡെൽഹി മുഖ്യമന്ത്രിയാണ് . കൊവിഡ് കാലത്ത് സൗത്ത് ഗ്രൂപ്പ് അംഗങ്ങള്‍ സ്വകാര്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തി. ആ സമയം മറ്റ് യാത്രാ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടായിരുന്നില്ല. സൗത്ത് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പിന്നീട് മദ്യനയം ആവുകയായിരുന്നു. എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നോട്ട് തയാറാക്കി. ഉത്തരവാദിത്തം മുഴുവന്‍ കെജ്‌രിവാൾ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് മേല്‍ കെട്ടിവെയ്ക്കുകയാണെന്നും സിബിഐ വാദമുന്നയിച്ചിരുന്നു.

എന്നാൽ കെജ്‌രിവാൾ കോടതിയിൽ സ്വയം വാദം നടത്തി സിബിഐയുടെ ആക്ഷേപത്തെ എതിർത്തു. കേസിൽ മനീഷ് സിസോദിയ കുറ്റക്കാരനാണെന്ന് മൊഴി നൽകിയിട്ടില്ല. സിസോദിയ നിരപരാധിയാണ്. കേസിൽ ആം ആദ്മി പാർട്ടിയും താനും തെറ്റ് ചെയ്തിട്ടില്ലെന്നും മദ്യ വ്യവസായത്തിലൂടെ നികുതി കൂട്ടാൻ മാത്രമായിരുന്നു നിർദേശമെന്നും കെജ്‌രിവാൾ കോടതിയെ അറിയിച്ചു. പക്ഷപാതപരമായാണ് അന്വേഷണ ഏജന്‍സികള്‍ പെരുമാറുന്നത്. ചോദ്യം ചെയ്യാൻ സിബിഐ നൽകിയ അപേക്ഷയുടെ പകർപ്പ് നൽകിയിട്ടില്ല. കെജ്‌രിവാളിനെ ചോദ്യം ചെയ്തത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കെജ്‌രിവാളിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇതിനിടെ ജാമ്യം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാൾ നൽകിയ ഹർജി ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ്.വി.എന്‍.ഭട്ടി എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ ബെഞ്ച് പരിഗണിച്ചു. സിബിഐ അറസ്റ്റ് രേഖപെടുത്തിയ സാഹചര്യത്തിൽ സിബിഐ കേസും കൂടെ ഉള്‍പ്പെടുത്തി പുതിയ ഹര്‍ജി സമര്‍പ്പിക്കാമെന്ന് അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി കോടതിയെ അറിയിച്ചു. തുടർന്ന് ഹർജി പിൻവലിക്കാൻ കോടതി അനുമതി നൽകി.

SCROLL FOR NEXT