NEWSROOM

ഡൽഹി മദ്യനയക്കേസ്: ഇഡിക്കും സിബിഐയ്ക്കും സുപ്രീം കോടതി നോട്ടീസ്

16 മാസമായി സിസോദിയ കസ്റ്റഡിയിൽ ആണെന്നും വിചാരണയിൽ പുരോഗതിയില്ലെന്നുമാണ് അഡ്വക്കേറ്റിൻ്റെ വാദം

Author : ന്യൂസ് ഡെസ്ക്

ഡൽഹി മദ്യനയക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ ഇ.ഡിക്കും സിബിഐയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. 16 മാസമായി സിസോദിയ കസ്റ്റഡിയിൽ ആണെന്നും, വിചാരണയിൽ പുരോഗതിയില്ലെന്നും അഡ്വക്കേറ്റ് വിവേക് ജെയിൻ അറിയിച്ചപ്പോഴാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ് സഞ്ജയ് കരോൾ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.

2023 ഒക്ടോബർ 10ന് സുപ്രീം കോടതി സിസോദിയയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. കേസ് പരിഗണിക്കുന്നത് ജൂലൈ 29ലേക്ക് മാറ്റി. 2023 ഫെബ്രുവരിയി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. മദ്യശാലകൾക്ക് ലൈസെൻസ് നൽകുന്നതിനെ അനുകൂലിച്ചതിന് പകരമായി 100 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു സിസോദിയയ്ക്ക് നേരെയുണ്ടായ ആരോപണം. ആ ഫണ്ട് ആം ആദ്മി പാർട്ടി ഗോവ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചുവെന്നും ആരോപണം നിലനിൽക്കുന്നുണ്ട്.

സിസോദിയയുടെ അഭിഭാഷകൻ മനു സിംഗ്‌വി വിചാരണ ഒച്ചിൻ്റെ വേഗത്തിലാണ് നീങ്ങുന്നതെന്ന് ആരോപിച്ചു. സിസോദിയയെ അറസ്റ്റ് ചെയ്തതിന് ശേഷമാണ്, ഇതേ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സിബിഐ കസ്റ്റഡിയിലായതിനാൽ കെജ്‌രിവാൾ ഇപ്പോഴും ജയിലിൽ തുടരുകയാണ്.

SCROLL FOR NEXT