NEWSROOM

ഡേറ്റിങ്ങ് ആപ്പിൽ യുഎസ് മോഡൽ ചമഞ്ഞ് തട്ടിപ്പ്; ഡൽഹി സ്വദേശി കബളിപ്പിച്ചത് 700ഓളം സ്ത്രീകളെ

ഇരുപത്തിമൂന്നുകാരൻ തുഷാർ സിങ്ങ് ബിഷ്ടാണ് കിഴക്കൻ ഡൽഹിയിലെ ഷക്കർപൂരിൽ നിന്നും പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശ് നോയിഡയിൽ ഡേറ്റിങ്ങ് ആപ്പിൽ യുഎസ് മോഡൽ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ഇരുപത്തിമൂന്നുകാരൻ തുഷാർ സിങ്ങ് ബിഷ്ടാണ് കിഴക്കൻ ഡൽഹിയിലെ ഷക്കർപൂരിൽ നിന്നും പിടിയിലായത്. 700ഓളം സ്ത്രീകളെയാണ് തുഷാർ സിങ്ങ് കബളിപ്പിച്ചത്.

ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദധാരിയായ തുഷാർ, കഴിഞ്ഞ മൂന്ന് വർഷമായി നോയിഡയിലെ സ്വകാര്യ സ്ഥാപനത്തിൽ ടെക്നിക്കൽ റിക്രൂട്ടറായി ജോലി ചെയ്യുന്നുണ്ട്. 500 ഓളം സ്ത്രീകളെ കബളിപ്പിച്ച ഇയാളുടെ പക്കൽ നിന്ന് നിരവധി സ്ത്രീകളുടെ നഗ്നചിത്രങ്ങളും, വീഡിയോ ക്ലിപ്പുകളും കണ്ടെടുത്തു. 18നും 30നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയും സ്ത്രീകളെയും ഒരു ഇൻ്റർനാഷണൽ മൊബൈൽ നമ്പർ ഉപയോഗിച്ചുണ്ടാക്കിയ ബംബിൾ, സ്‌നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ വ്യാജ പ്രൊഫൈലുകളിലൂടെയാണ് ഇയാൾ കബളിപ്പിച്ചത്.

ഒരു പ്രോജക്ടിനായി ഇന്ത്യയിൽ വന്ന യുഎസ് മോഡൽ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ സ്ത്രീകളുമായി സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നത്. ഒരു ബ്രസീലിയൻ മോഡലിൻ്റെ ഫോട്ടോ പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചാണ് പ്രതി പെൺകുട്ടികളെയും സ്ത്രീകളെയും സ്വാധീനിച്ചത്. ക്രമേണ അവരുമായി അടുത്ത സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടി, അത് മുതലെടുത്താണ് ഇയാൾ സ്ത്രീകളുടെ ചിത്രങ്ങൾ ആവശ്യപ്പെട്ടിരുന്നത്. സ്ത്രീകൾ ഇയാളുടെ വലയിൽ വീണ് ചിത്രങ്ങൾ നൽകിയാൽ പിന്നെ ഇവർ പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

എസിപി അരവിന്ദ് യാദവിൻ്റെ മേൽനോട്ടത്തിൽ വെസ്റ്റ് ഡൽഹിയിലെ സൈബർ പൊലീസ് സ്‌റ്റേഷൻ ഒരു സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയായ തുഷാറിലേക്ക് എത്തിച്ചത്. ഷക്കർപൂരിൽ നടന്ന റെയ്ഡിലാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

SCROLL FOR NEXT