അമാനത്തുള്ള ഖാന്‍ 
NEWSROOM

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു; ആം ആദ്മി എംഎല്‍‌എ അമാനത്തുള്ള ഖാനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

ഇന്നലെ ഡല്‍ഹി മുഖ്യമന്ത്രി  അതിഷിക്കെതിരെയും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസെടുത്തിരുന്നു

Author : ന്യൂസ് ഡെസ്ക്

ആം ആദ്മി നേതാവ് അമാനത്തുള്ള ഖാനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്നാണ് കേസ്. ഓഖ്‌ല മണ്ഡലത്തിലെ സ്ഥാനാർഥിയാണ് അമാനത്തുള്ള ഖാൻ. ചട്ടം ലംഘിച്ച് സാക്കിർ നഗറിൽ എത്തി പ്രചരണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ഡല്‍ഹി മുഖ്യമന്ത്രി  അതിഷിക്കെതിരെയും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസെടുത്തിരുന്നു.


ചൊവ്വാഴ്ച രാത്രി 100 കണക്കിന് അനുയായികളുമായി അമാനത്തുള്ള ഖാൻ സാക്കിർ ന​ഗറിൽ പ്രചരണം നടത്തിയെന്നാണ് പരാതി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 223, 1951ലെ ജനപ്രാധിനിത്യ നിയമത്തിലെ സെക്ഷൻ 126 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവിലെ ഓഖ്‌ല എംഎൽഎ കൂടിയായ അമാനത്തുള്ളയാണ് ഏറ്റവും അധികം ക്രിമിനല്‍ കേസുകളുള്ള സ്ഥാനാർഥി.

ഡൽഹി മുഖ്യമന്ത്രിയും കൽകാജി സ്ഥാനാർഥിയുമായ അതിഷി മർലേനയ്‌ക്കെതിരെ ഇന്നലെ ഗോവിന്ദ്പുരി പൊലീസ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനു കേസെടുത്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 333 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി ആം ആദ്മിയുടെ കൽകാജി മണ്ഡലത്തിലെ സ്ഥാനാർഥിയായ അതിഷിയും 50-70 പ്രവർത്തകരും ചേർന്ന് ഫതേ സിങ് മാർ​ഗിൽ നിയമവിരുദ്ധമായി കൂട്ടംചേർന്നു എന്നാണ് കേസ്. തെരഞ്ഞെടുപ്പ് മാർ​ഗരേഖ പ്രകാരം ഇവരോട് ഒഴിഞ്ഞുപൊകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അത് അവർ നിരസിച്ചുവെന്നാണ് പൊലീസിന്റെ വാദം. മുഖ്യമന്ത്രി യാത്രാതടസം സൃഷ്ടിക്കുന്നത് വീഡിയോയിൽ പകർത്തിയ ഒരു പൊലീസ് ഉദ്യോ​ഗസ്ഥനെ അതിഷിയുടെ അനുയായികളിൽ ഒരാൾ കൈയ്യേറ്റം ചെയ്തുവെന്നും പരാതിയുണ്ട്.

കൽകാജിയിലെ ബിജെപി സ്ഥാനാർഥി രമേശ് ബിധുരി പരസ്യമായി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നായിരുന്നു പൊലീസ് നീക്കത്തോടുള്ള അതിഷിയുടെ പ്രതികരണം. ആം ആദ്മിക്കെതിരെയുള്ള ബിജെപിയുടെ ​ഗുണ്ടായിസത്തെ പിന്താങ്ങുന്നതാണ് ഡൽഹി പൊലീസിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഔദ്യോ​ഗിക നിലപാടെന്ന് ആം ആദ്മി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളും കുറ്റപ്പെടുത്തി. ബിജെപി മദ്യവും പണവും വിതരണം ചെയ്യുന്നതിനെ സംരക്ഷിക്കുന്നതും പൊലീസാണെന്ന് കെജ്‌രിവാൾ ആരോപിച്ചു. അതിനെ എതിർക്കുന്നവർക്കെതിരെയാണ് കേസ് എടുക്കുന്നതെന്നും ആം ആദ്മി അധ്യക്ഷൻ പറഞ്ഞു.

അതേസമയം, ഇന്നലെ രാത്രി അതിഷി മർലേനയുടെ ഓഫീസ് ജീവനക്കാരൻ എന്നു കരുതപ്പെടുന്ന വ്യക്തിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ കണ്ടെടുത്തു. ഇന്നലെ രാത്രിയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കാറിൽ സഞ്ചരിച്ചവരിൽ നിന്ന് പണം പിടികൂടിയത്. പണം നിറച്ച ബാഗുമായി പിടിക്കപ്പെട്ട ​ഗൗരവ് താൻ അതിഷിക്ക് കീഴിൽ ഡൽഹി സർക്കാരിലെ മൾട്ടി ടാസ്കിങ് ഡിപ്പാർട്ട്മെന്റിൽ ജോലിചെയ്യുന്ന ആളാണെന്നാണ് പൊലീസിനോട് പറഞ്ഞത്. എന്നാൽ ആം ആദ്മി പാർട്ടി ആരോപണങ്ങൾ നിഷേധിച്ചു. രാജ്യ തലസ്ഥാനത്ത് പോളിങ് നടക്കുന്നതിന് മുൻപ് പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ​ഗൂഢാലോചനയുടെ ഭാ​ഗമാണിതെന്നും ആം ആദ്മി ആരോപിച്ചു.

SCROLL FOR NEXT