NEWSROOM

പഠിച്ചില്ല, പരീക്ഷ മാറ്റിവെക്കണം; ഡൽഹിയിൽ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമയച്ചത് വിദ്യാർഥികൾ

രോഹിണി ജില്ലയിലെ രണ്ട് സ്കൂളുകൾ അടക്കം ലഭിച്ച ഭീഷണി സന്ദേശത്തിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ് അന്വേഷണം നടത്തിയത്

Author : ന്യൂസ് ഡെസ്ക്

ഡൽഹിയിൽ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമയച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് വിദ്യാർഥികൾ തന്നെയെന്ന് കണ്ടെത്തി. രോഹിണി ജില്ലയിലെ രണ്ട് സ്കൂളുകൾ അടക്കം ലഭിച്ച ഭീഷണി സന്ദേശത്തിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ് അന്വേഷണം നടത്തിയത്.

രണ്ട് സ്കൂളുകളിലേക്കും അതാത് സ്കൂളുകളിലെ വിദ്യാർഥികൾ തന്നെയാണ് സന്ദേശമയച്ചതെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ വ്യക്തമാക്കി. പരീക്ഷയ്ക്ക് പഠിക്കാത്തതിനാൽ, പരീക്ഷ മാറ്റിവെപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യാർഥികൾ ഇമെയിൽ വഴി സ്കൂളുകളിലേക്ക് ഭീഷണി സന്ദേശമയച്ചത്. രണ്ട് പേരും വിദ്യാർഥികളായതിനാൽ, കൗൺസിലിങ് നൽകി ഇരുവരെയും വിട്ടയച്ചുവെന്നും ഡൽഹി പൊലീസ് അറിയിച്ചു.

നവംബർ 28ന് രോഹിണി പ്രശാന്ത് വിഹാർ പിവിആർ മൾട്ടിപ്ലക്‌സിൽ ദുരൂഹമായ സ്‌ഫോടനം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് വെങ്കിടേശ്വർ ഗ്ലോബൽ സ്‌കൂളിന് ഇമെയിലിൽ ബോംബ് ഭീഷണി ലഭിച്ചത്. കഴിഞ്ഞ 11 ദിവസത്തിനിടെ നൂറോളം സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചതിനെ കുറിച്ച് ഡൽഹി പൊലീസ് അന്വേഷണം തുടരുകയാണ്. വിപിഎൻ ഉപയോഗിച്ച് ഇമെയിലുകൾ അയക്കുന്നതിനാലാണ് യഥാർഥ കുറ്റവാളികളെ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയാകുന്നത്.

SCROLL FOR NEXT