രാജ്യ തലസ്ഥാനത്ത് ശീതതരംഗ മുന്നറിയിപ്പുമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ഡിസംബർ ആദ്യവാരം തന്നെ താപനില 5 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തി. 14 വർഷത്തെ റെക്കോർഡ് തകർത്താണ് ഡൽഹിയിലെ ഇപ്പോഴത്തെ താപനില എത്തി നിൽക്കുന്നത്. ലഭ്യമാകുന്ന വിവരമനുസരിച്ച് ഈ കാലയളവിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1987 ഡിസംബർ 6 നായിരുന്നു. 4.1 ഡിഗ്രി സെൽഷ്യസായിരുന്നു അന്നത്തെ താപനില. 4.9 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും പുതുതായി രേഖപ്പെടുത്തിയ താപനില. ബുധനാഴ്ച രാത്രിയിലെ താപനില 4.9 ഡിഗ്രി സെൽഷ്യസും, ചൊവ്വാഴ്ചയിലേത് 8 ഡിഗ്രി സെൽഷ്യസുമായിരുന്നു.
അടുത്ത രണ്ട് ദിവസത്തേക്കും സമാനമായ തണുപ്പ് ഉണ്ടാകുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. തലസ്ഥാനത്ത് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറ് നിന്ന് മണിക്കൂറിൽ 8-10 കിലോമീറ്റർ വേഗതയിൽ വീശുന്ന ഉപരിതല കാറ്റാണ് ഇപ്പോഴത്തെ താപനില കുറയാൻ കാരണമെന്ന് ഐഎംഡി അറിയിച്ചു.
ഡിസംബര്‍ 11 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ ശീത തരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്. അതേസമയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിൻ്റെ എയർ ക്വാളിറ്റി ഇൻഡക്സ് അനുസരിച്ച് ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം 199 ആണെന്നാണ് റിപ്പോർട്ട്. വായു മലിനീകരണവും, ശീതതരംഗവും കൂടിയായൽ തലസ്ഥാനത്തെ അന്തരീക്ഷവും ജനങ്ങളുടെ ജീവിതവും ഗുരുതരമായ സ്ഥിതിയിലുടെയായിരിക്കും കടന്നുപോകുക.