NEWSROOM

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം: സഹപാഠികള്‍ അറസ്റ്റില്‍

മൂവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി.

Author : ന്യൂസ് ഡെസ്ക്


പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്.

മൂവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് പത്തനംതിട്ട പൊലീസ് മൂവരെയും കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടുകളിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമ്മു സജീവിന്റെ മരണത്തില്‍ ആരോപണ വിധേയരാണ് മൂന്നുപേരും. ഇവരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.


ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം അയിരൂപാറ സ്വദേശിനി അമ്മു സജീവ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ചത്. പിന്നാലെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. സഹപാഠികളായ വിദ്യാര്‍ഥികള്‍ അമ്മുവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നാണ് കുടുംബത്തിന്റെ ആരോപണം.

അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്‍ അഖില്‍ സജീവ് പറഞ്ഞിരുന്നു. മരണത്തില്‍ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നും ആരോഗ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കുമെന്നും സഹോദരന്‍ പറഞ്ഞു. മരണത്തില്‍ കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ, കെഎസ്‌യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണ വിധേയരായ വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.


SCROLL FOR NEXT