പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ സാധാരണയായി വിലയും പായ്ക്കിങ് തീയതിയും കാലാവധിയും മറ്റും ഉപഭോക്താക്കള്‍ക്ക് വായിക്കാന്‍ സാധിക്കാത്ത വിധം ചെറുതായാണ് രേഖപ്പെടുത്താറുള്ളത്. എന്നാല്‍ പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ലേബലിങ് നിയമങ്ങള്‍ക്ക് മാറ്റം വരുത്തിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.
ഭക്ഷ്യവസ്തുക്കളില്‍ രേഖപ്പെടുത്തേണ്ട വിവരങ്ങള്‍ വലിയ അക്ഷരത്തില്‍ തന്നെ അച്ചടിക്കാനാണ് പുതിയ നിര്‍ദേശം. 2020-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളില്‍ നിര്‍ദിഷ്ട ഭേദഗതികള്‍ വരുത്തി ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ഉള്ളടക്കം കട്ടിയുള്ള അക്ഷരങ്ങളില്‍ വലിപ്പത്തില്‍ രേഖപ്പെടുത്തണം. പോഷക വിവരങ്ങള്‍ പാക്കറ്റുകളില്‍ വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തണമെന്നും 'ആരോഗ്യകരമായ പാനീയം' എന്നിങ്ങനെയുള്ള അവകാശ വാദങ്ങള്‍ പാടില്ലയെന്നുമാണ് പുതിയ നിര്‍ദേശം.
ഉപഭോക്താക്കള്‍ക്ക് അവര്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നത്തിന്‍റെ പോഷകമൂല്യം നന്നായി മനസ്സിലാക്കാനും ആരോഗ്യകരമായ തീരുമാനങ്ങള്‍ എടുക്കാനും പ്രാപ്തരാക്കുക എന്നതാണ് ഭേദഗതിയുടെ ലക്ഷ്യം. മാറ്റങ്ങളുടെ കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി ലഭ്യമാക്കുമെന്നും ഭക്ഷ്യ സുരക്ഷാവകുപ്പ് അറിയിച്ചു.
സാംക്രമികേതര രോഗങ്ങളെ ചെറുക്കുന്നതിന് ഭക്ഷ്യ വസ്തുകളില്‍ വ്യക്തവും വേര്‍തിരിച്ചറിയാവുന്നതുമായ ലേബലിങ് അനിവാര്യമാണ്. ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ നിന്ന് 'ഹെല്‍ത്ത് ഡ്രിങ്ക്' എന്ന പദം പോലെ തെറ്റിധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഒഴിവാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. എന്നാല്‍ 2006ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ടിന് കീഴില്‍ ഇത് നിര്‍വചിക്കപ്പെട്ടിട്ടില്ല. പുനര്‍നിര്‍മിച്ച പഴച്ചാറുകളുടെ ലേബലുകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും 'നൂറുശതമാനം പഴങ്ങളില്‍ നിന്ന് ഉണ്ടാക്കിയത്' എന്ന തരത്തിലുള്ള അവകാശവാദങ്ങള്‍ നീക്കം ചെയ്യാനും 'റിഫൈന്‍ഡ് വീറ്റ് ഫ്‌ളോര്‍' എന്ന പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും അടുത്തിടെ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.