കോട്ടയം കടനാട് സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പ്രതിഷേധം. ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് പണം ലഭിക്കാതായതോടെയാണ് നൂറോളം നിക്ഷേപകർ ബാങ്ക് ഉപരോധിച്ച് പ്രതിഷേധിച്ചത്.
ALSO READ: ഹീന കുറ്റകൃത്യം ചെയ്യുന്നവർക്ക് ശിക്ഷ ഇളവ് വേണ്ട: ചട്ടഭേദഗതിക്ക് സർക്കാർ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാല കടനാട് സഹകരണ ബാങ്ക്. സാമ്പത്തിക ഇടപാടുകൾ പ്രതിസന്ധിയിലായതോടെ നിക്ഷേപകരിൽ പലരും പണം തിരികെ ആവശ്യപ്പെട്ടു. പണം ലഭിക്കാതായതോടെയാണ് നൂറോളം നിക്ഷേപകർ ബാങ്ക് ഉപരോധിച്ചത്. ബാങ്കിനുള്ളിലേക്ക് കടക്കാൻ പൊലീസ് സമ്മതിക്കാതിരുന്നതിനെ തുടർന്ന് വലിയ വാക്കേറ്റം ഉണ്ടായി.
രണ്ടു പൊലീസുകാർ മാത്രമാണ് ആളുകളെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത്. പിന്നീട് പാലയിൽ നിന്നും മേലുകാവിൽ നിന്നും കൂടുതൽ പൊലീസ് സ്ഥലത്തെത്തി. അരമണിക്കൂറോളം നീണ്ട തർക്കത്തെ തുടർന്നാണ് ആളുകളെ അകത്തുകടക്കാൻ സമ്മതിച്ചത്. നിക്ഷേപകർ ബാങ്കിനുള്ളിലും പ്രതിഷേധം നടത്തി. പണം തിരികെ നൽകാൻ ബാങ്ക് അധികൃതർ സമയം ആവശ്യപ്പെട്ടെങ്കിലും പണം തിരികെ ലഭിക്കുന്നത് വരെ തുടർ പ്രതിഷേധങ്ങൾ നടത്താനാണ് നിക്ഷേപകരുടെ തീരുമാനം.