NEWSROOM

Champions Trophy 2025 | ഇന്ത്യയോടും തോറ്റു; സെമിയിലെത്താന്‍ പാകിസ്ഥാന് മുന്നില്‍ എന്തെങ്കിലും വഴിയുണ്ടോ?

രണ്ട് മത്സരങ്ങളിലും ദയനീമായ പരാജയപ്പെട്ട ടീമിന്റെ സെമി സാധ്യതകളെല്ലാം ഇല്ലാതായോ?

Author : ന്യൂസ് ഡെസ്ക്

ന്യൂസിലന്‍ഡിനെതിരെയുള്ള തോല്‍വിയുടെ ക്ഷീണം മാറിയിരുന്നില്ല, അതിന് പിന്നാലെയാണ് ഇന്ത്യയുമായുള്ള അഭിമാന മത്സരത്തില്‍ പാകിസ്ഥാന് അടിപതറിയത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആതിഥേയരായ പാകിസ്ഥാന് ദുബായില്‍ വെച്ച് ഇന്ത്യ നല്‍കിയ യാത്രയയപ്പായിരുന്നോ ഇന്നത്തെ മത്സരം? രണ്ട് മത്സരങ്ങളിലും ദയനീമായ പരാജയപ്പെട്ട ടീമിന്റെ സെമി സാധ്യതകളെല്ലാം ഇല്ലാതായോ?

സെമി പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് പറയാം, പക്ഷേ, ആ മാര്‍ഗം അല്‍പം കഠിനമാകും. എങ്കിലും അവസാന നിമിഷം വരെ പാക് ആരാധകര്‍ക്ക് പ്രതീക്ഷ വെച്ചുപുലര്‍ത്താം. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശുമായിട്ടാണ് പാകിസ്ഥാന്റെ അവസാന മത്സരം. ബംഗ്ലാദേശിനെതിരെ വിജയിച്ചാല്‍ മാത്രം പോരാ, മറ്റ് മത്സരങ്ങളിലെ വിധി കൂടിയാകും ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്റെ ഭാവി നിര്‍ണയിക്കുക.

ബാംഗ്ലാദേശിനെതിരെ പാകിസ്ഥാന്‍ വലിയ മാര്‍ജിനില്‍ വിജയിക്കുകയും ബംഗ്ലാദേശും ഇന്ത്യയുമായുമുള്ള മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് പരാജയപ്പെടുക കൂടി ചെയ്താല്‍ സാധ്യത തെളിയും. അങ്ങനെ സംഭവിച്ചാല്‍ ന്യൂസിലന്‍ഡിനും ബംഗ്ലാദേശിനുമൊപ്പം പാകിസ്ഥാന് 3 മത്സരങ്ങളില്‍ നിന്ന് 2 പോയിന്റുകള്‍ ലഭിക്കും. അങ്ങനെയെങ്കില്‍, മികച്ച നെറ്റ് റണ്‍ റേറ്റ് കൂടിയുണ്ടെങ്കില്‍ ടീമിന് സെമിയിലെത്താം.

ഇന്ത്യ, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, പാകിസ്ഥാന്‍ ടീമുകളാണ് ഗ്രൂപ്പ് എയില്‍ ഉള്ളത്. രണ്ട് വിജയങ്ങള്‍ നേടി നാല് പോയിന്റുമായി ഇന്ത്യയാണ് ഗ്രൂപ്പില്‍ ഒന്നാമതുള്ളത്. ഒരു ജയവും ഒരു തോല്‍വിയുമുള്ള ന്യൂസിലന്‍ഡ് രണ്ടാമതാണ്. ഒരു വിജയം പോലും നേടാത്ത ബംഗ്ലാദേശും പാകിസ്ഥാനുമാണ് പട്ടികയില്‍ അവസാനമുള്ളത്. നെറ്റ് റണ്‍ റേറ്റ് ഏറ്റവും കുറവുള്ളത് പാകിസ്ഥാനും.

ഗ്രൂപ്പ് എ യില്‍ നാളെ ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെ നേരിടും. ഫെബ്രുവരി 27 നാണ് ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള മത്സരം. മാര്‍ച്ച് രണ്ടിന് ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.

SCROLL FOR NEXT