NEWSROOM

"സൽക്കർമം നശിപ്പിക്കുന്നു, ആരും പെട്ടുപോകരുത്"; ജമാഅത്തെ ഇസ്ലാമിയുടെയും മുജാഹിദിൻ്റെയും ബൈത്തു സകാത്തിനെതിരെ കാന്തപുരം

ചില കുതന്ത്രങ്ങൾ കാണിച്ച് സാധുക്കളെ കബളിപ്പിച്ച് ആ സംഖ്യ മറ്റു മാർഗത്തിലേക്ക് ചെലവഴിക്കാനാണ് നീക്കമെന്നും അദ്ദേഹം വിമർശിച്ചു

Author : ന്യൂസ് ഡെസ്ക്


ജമാഅത്തെ ഇസ്ലാമിയുടെയും മുജാഹിദിൻ്റെയും ബൈത്തു സകാത്തിനെ രൂക്ഷമായി വിമർശിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. ബൈത്തു സകാത്തിന്റെ കമ്പനിയെ ആരും വിശ്വസിക്കരുതെന്നും സകാത്ത് എന്ന സൽകർമം കൂടി നശിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ചില കുതന്ത്രങ്ങൾ കാണിച്ച് സാധുക്കളെ കബളിപ്പിച്ച് ആ സംഖ്യ മറ്റു മാർഗത്തിലേക്ക് ചെലവഴിക്കാനാണ് നീക്കമെന്നും അദ്ദേഹം വിമർശിച്ചു.



"ബൈത്തു സകാത്തിന്റെ കമ്പനിയെ ആരും വിശ്വസിക്കരുത്. അതിൽ ആരും പെട്ടുപോകരുത്. ഇപ്പോൾ സംഘടിത സകാത്തുമായി ഒരു കൂട്ടർ വരികയാണ്. നിസ്കാരവും നോമ്പും എല്ലാം തെറ്റിച്ചവരാണ് അവർ. അവസാനം സകാത്ത് എന്ന സൽകർമം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതുകൂടി നശിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇപ്പോൾ ചില കുതന്ത്രങ്ങൾ കാണിച്ച് സാധുക്കളെ കബളിപ്പിച്ച് സംഘടിത സക്കാത്ത് കൊണ്ടുവരികയാണ്. അവർ മുതലാളിമാരെ കബളിപ്പിച്ചാണ് സംഘടിത സക്കാത്ത് നടപ്പാക്കാൻ പോകുന്നത്. ആ സംഖ്യ മറ്റു മാർഗത്തിലേക്ക് ചെലവഴിക്കാനാണ് അവർ നീക്കം നടത്തുന്നത്," കാന്തപുരം വിമർശിച്ചു. സമസ്ത സെൻ്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രഖ്യാപനം കോഴിക്കോട് കടപ്പുറത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.



സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വർഷത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ ഞങ്ങൾ രാജ്യത്തിന് നൽകുന്ന ഉറപ്പ് ഈയൊരു സൗഹാർദവും സമാധാനവും രാജ്യത്തുടനീളം വ്യാപിപ്പിക്കാനുള്ള പദ്ധതികളാണ് ഞങ്ങൾ ഏറ്റെടുക്കുന്നത്. മുസ്‌ലിങ്ങളുടെ മാത്രമല്ല അവശത അനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും പ്രദേശങ്ങളുടെയും സമൂഹങ്ങളുടെയും ഉന്നമനം ഞങ്ങളുടെ ലക്ഷ്യമാണ്. മുസ്ലിം ജമാഅത്തിൻ്റെ പദ്ധതികളിൽ ഊന്നൽ നൽകുന്നതും ഇത്തരമൊരു വികസന സമീപനത്തിനാണെന്നും കാന്തപുരം പറഞ്ഞു.

വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനയ്യായിരം പ്രതിനിധികൾ പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുത്തു.‍ സമസ്ത പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി. മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍. അലി അബ്ദുല്ല, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി പ്രസംഗിച്ചു.



കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപന പദ്ധതികള്‍

1. മനുഷ്യര്‍ക്കൊപ്പം - കേരള മുസ്ലിം ജമാഅത്ത് കര്‍മ്മ സാമയികം 2025-2030
2. ആദര്‍ശ കേരളം - 5000 പഠന വേദികള്‍, 125 സോണുകളില്‍ ആദര്‍ശ യാത്ര, 1000 ഫാമിലി കോൺഫറൻസുകൾ, പ്രധാന കേന്ദ്രങ്ങളില്‍ സെമിനാറുകള്‍
3. സൗഹൃദ കേരളം - 10,000 മാതൃകാ ഗ്രാമങ്ങള്‍
4. ലഹരി മുക്ത കേരളം ബോധവല്‍ക്കരണം, ബഹുജന പ്രതിരോധം
5. കാരുണ്യ കേരളം ക്ലിനിക്കുകള്‍, ഹോം കെയര്‍, സാന്ത്വന കേന്ദ്രങ്ങള്‍, ഐ.സി.എഫ് നേതൃത്വത്തില്‍ 1000 രക്തജന്യ രോഗികള്‍ക്ക് സാമ്പത്തിക സഹായം
6. ദാറുല്‍ ഖൈര്‍ ഭവന പദ്ധതി - പുതിയ 100 വീടുകള്‍
7. ഹോസ്റ്റല്‍ പ്രോജക്ട് - പ്രധാന കേന്ദ്രങ്ങളില്‍ 100 ഹോസ്റ്റലുകള്‍
8. സമസ്ത ചരിത്രം പ്രകാശനം
9. വര്‍ഗ്ഗ ബഹുജനങ്ങളുടെ സംഘാടനം, വ്യാപാരി-വ്യവസായി, സംരംഭക, കര്‍ഷക, തൊഴിലാളി സംഘാടനം
10. അമ്പതിനായിരം സാരഥികളുടെ സമര്‍പ്പണം - പരിശീലനം ലഭിച്ച 50,000 മാതൃകാ സാരഥികള്‍
11. കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്ര - 2025 നവംബര്‍, ഡിസംബര്‍, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ

SCROLL FOR NEXT