NEWSROOM

'എം.എം. ലോറന്‍സിന്റെ മക്കള്‍ തമ്മിലുള്ള യുദ്ധമാണ് ഹര്‍ജിയുടെ അടിസ്ഥാനം'; ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്



എം.എം. ലോറന്‍സിൻ്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയത് ശരിവെച്ച ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. മരിച്ചയാളുടെ മക്കള്‍ തമ്മിലുള്ള യുദ്ധമാണ് ഹര്‍ജിയുടെ അടിസ്ഥാനം. എം.എം. ലോറന്‍സ് കമ്യൂണിസ്റ്റ്, മതത്തില്‍ ജീവിച്ചയാളല്ലെന്നും മകന്‍ എം.എല്‍. സജീവന് നല്‍കിയ അനുമതി നിയമാനുസൃതമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. ബന്ധുക്കളായ സാക്ഷികള്‍ മുന്‍പാകെ നല്‍കിയ സമ്മതം എം.എം. ലോറന്‍സ് പിന്‍വലിച്ചിട്ടില്ല. മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മൃതദേഹം മെഡിക്കല്‍ കോളേജ് അധികൃതര്‍ ഏകപക്ഷീയമായി ഏറ്റെടുത്തതല്ല. അനാട്ടമി നിയമപ്രകാരമാണ് മൃതദേഹം ഏറ്റെടുത്തത്. അനാട്ടമി നിയമപ്രകാരം നല്‍കിയ സമ്മതത്തിന് വിരുദ്ധമാണ് മതാചാരപ്രകാരമുള്ള സംസ്‌കാരം. അതുകൊണ്ട് മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ല. എം.എം. ലോറന്‍സ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ലെങ്കില്‍ മാത്രമേ എതിര്‍പ്പ് ഉന്നയിക്കാനാവുകയുള്ളു. എം.എം. ലോറന്‍സ് മകനെ അറിയിച്ച താല്‍പര്യം മാത്രമേ നിയമപരമായി പരിഗണിക്കാനാവൂ എന്നും ഹൈക്കോടതി അറിയിച്ചു.

മരണ സമയം വരെ എം.എം. ലോറന്‍സ് എം.എല്‍. സജീവനൊപ്പമായിരുന്നു എന്നതില്‍ പെണ്‍മക്കള്‍ക്ക് എതിര്‍പ്പില്ല എന്നും കോടതി പറഞ്ഞു. ആശ ലോറന്‍സിന് മതിയായ അവസരം നല്‍കിയാണ് പ്രിന്‍സിപ്പല്‍ തീരുമാനമെടുത്തത്. ആശുപത്രി സൂപ്രണ്ടിന് പക്ഷപാതമെന്ന ആക്ഷേപവും ഹൈക്കോടതി തള്ളി. താഴെത്തട്ടിലുള്ളവരുടെ ഉന്നതിക്കായി ജീവിതം മാറ്റിവെച്ച കമ്യൂണിസ്റ്റാണ് എം. എം. ലോറന്‍സ് എന്നും ഹൈക്കോടതി വ്യക്തമാക്കി. അഭിഭാഷകനെ ആക്രമിച്ചെന്ന പരാതി പൊലീസിന് പരിശോധിക്കാമെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സിപിഎം നേതാവ് എം.എം.ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ വിദ്യാ‍ർഥികൾക്ക് പഠനാവശ്യത്തിന് കൈമാറാമെന്ന ഹൈക്കോടതി വിധി വന്നത്. മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന മകൾ ആശാ ലോറൻസ് നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളുകയായിരുന്നു. ഇതോടെ എം.എം. ലോറന്‍സിന്‍റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറുന്നതിനുള്ള നിയമപരമായ തടസങ്ങള്‍ നീങ്ങി.

SCROLL FOR NEXT