ശബരിമലയിൽ മണ്ഡലകാലത്ത് സ്പോട്ട് ബുക്കിങ്ങിന് പകരം ക്രമീകരണം ഏർപ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ദർശനത്തിനെത്തുന്ന ഒരു ഭക്തനും തിരിച്ചുപോകേണ്ടി വരില്ല. ഇടത്താവളങ്ങളിൽ അക്ഷയ സെൻ്ററുകളുടെ സഹായത്തോടെ ബുക്കിങ് സൗകര്യം ഒരുക്കും. ഒരുതരത്തിലുമുള്ള പ്രകോപനത്തിനും സർക്കാരില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആളുകളുടെ രേഖകള്‍ പരിശോധിച്ച് ദര്‍ശന സൗകര്യം ഒരുക്കും. ഒരു കലാപവും ഉണ്ടാവാൻ സർക്കാർ അനുവദിക്കില്ല. ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വന്നാൽ നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.
മണ്ഡലകാല ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം 80,000 ആയി പരിമിതപ്പെടുത്തിയതും സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതും വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നത് അപ്രായോഗികമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പുനര്‍വിചിന്തനത്തിന് തയ്യാറായത്. വിഷയം ബിജെപി രാഷ്ട്രീയമായി മുതലെടുക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.