മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിലെത്തിയ ശേഷമുള്ള ആദ്യ അഭിമുഖത്തിൽ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ഭാരത് ജോഡോ യാത്രയിൽ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിക്കുന്ന സംഘടനയുടെ വിദേശ പണം ഉപയോഗിച്ചു, ഇത് സംബന്ധിച്ചുള്ള തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള സമീപകാല രാഷ്ട്രീയ സംഭവങ്ങളിലെ വിദേശ ഇടപെടലിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. അരാജക ശക്തികളെ കൂട്ടുപിടിച്ച് നടത്തിയ കോൺഗ്രസിൻ്റെ പ്രചാരണം സംബന്ധിച്ചുള്ള തെളിവുകൾ ബിജെപി ഔദ്യോഗികമായി പുറത്തുവിടുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കായി 180 ഓർഗനൈസേഷനുകളിൽ നിന്ന് കോൺഗ്രസ് പണം കൈപറ്റി. മറ്റ് രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിക്കുന്ന സംഘടനകളാണ് ഇതിൽ ഭൂരിഭാഗവും. അത്തരം സംഘടനകളെയും അവയുടെ പ്രവർത്തനങ്ങളെയും തുറന്നുകാട്ടുന്ന രേഖകൾ നിയമസഭയിൽ അവതരിപ്പിച്ച ശേഷം നടപടിയെടുക്കുമെന്നും ഫട്നാവിസ് പറഞ്ഞു.
ശതകോടീശ്വരനായ ജോർജ്ജ് സോറോസുമായും ചില വിദേശ സ്ഥാപനങ്ങളുമായും കോൺഗ്രസിന് ബന്ധമുണ്ടെന്ന് ബിജെപി എം.പി സംബിത് പത്ര ആരോപിച്ചതിന് പിന്നാലെയാണ് ഫട്നാവിസിൻ്റെ പരാമർശം. സോറസും രാഹുൽ ഗാന്ധിയും വാർത്താ പോർട്ടലായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റും ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന അപകടകരമായ ത്രികോണ കൂട്ടുക്കെട്ടെന്നായിരുന്നു പത്രയുടെ ആരോപണം. പിന്നാലെ രാഹുലിനെ രാജ്യദ്രോഹിയെന്ന് ബിജെപി എംപി വിളിച്ചത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.