NEWSROOM

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി; പ്രഖ്യാപനം നാളെ, നിരുപാധിക പിന്തുണയെന്ന് ഏക്നാഥ് ഷിൻഡെ

മുഖ്യമന്ത്രി ബിജെപിയിൽ നിന്നാകുമെന്ന് എൻസിപി നേതാവ് അജിത് പവാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഷിൻഡെയും വാക്കുകളും ഫഡ്നാവിസിലേക്ക് വിരൽ ചൂണ്ടുന്നു.

Author : ന്യൂസ് ഡെസ്ക്



മഹാരാഷ്ട്രാ മുഖ്യമന്ത്രി ആരാണെന്നുള്ള സസ്പെൻസ് അവസാനിക്കുന്നു.. മുഖ്യമന്ത്രിയെ തിങ്കളാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ഏക്നാഥ് ഷിൻഡെ. ദേവേന്ദ്ര ഫഡ്നാവിസ് തന്നെയാകും മുഖ്യമന്ത്രി. ബിജെപിയിൽ നിന്നായിരിക്കും മുഖ്യമന്ത്രിയെന്ന് അജിത് പവാറും ഇന്നലെ വ്യക്തമാക്കിയിരുന്നു.

നവംബർ 23 ന് ജനവിധി വന്നതു മുതൽ തുടരുന്ന മഹാരാഷ്ട്ര മന്ത്രിസഭാ രൂപികരണത്തിലെ അനിശ്ചിതത്വം മാറുകയാണ്. മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയെ തിങ്കളാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ശിവസേന നേതാവും കെയർടേക്കർ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ പറഞ്ഞു. മുന്നണി നേതൃത്വത്തിന് നിരുപാധിക പിന്തുണ നൽകിക്കഴിഞ്ഞെന്നും, ആ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും ഷിൻഡെ വ്യക്തമാക്കി.

കഴിഞ്ഞ സർക്കാരിൻ്റെ രണ്ടര വർഷത്തെ പ്രവർത്തനം സുവർണ ലിപികളാൽ എഴുതപ്പെടുമെന്നും ഷിൻഡെ പറഞ്ഞു.. കഴിഞ്ഞ സർക്കാരിന് ലഭിച്ച അം​ഗികാരമാണീ ജനവിധി, പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ പോലും വോട്ടർമാർ അവസരം നൽകിയില്ലെന്നും ശിവസേനാ നേതാവ് പറഞ്ഞു.

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഷിൻഡെ തീർത്ത പ്രതിരോധമാണ് മഹായുതിയുടെ തീരുമാനം വൈകിച്ചത്. എന്നാൽ പടല പിണക്കങ്ങളൊന്നുമില്ലെന്നും മഹായുതിയുടെ സഖ്യകക്ഷികൾ തമ്മിൽ നല്ല ധാരണയിലാണെന്നുമാണ് ഇപ്പോൾ ഷിൻഡെ പറയുന്നത്. തെരഞ്ഞെടുപ്പ് ഷെഡ്യൂൾ ആരോ​ഗ്യം മോശമാക്കിയെന്നും വിശ്രമത്തിലായിരുന്നു എന്നും ഷിൻഡെ പറഞ്ഞു. അതായത്, ഫഡ്നാവിസ് - ഷിൻഡെ അധികാര വടംവലിക്ക് കർട്ടൻ വീഴുകയാണ്.

മുഖ്യമന്ത്രി ബിജെപിയിൽ നിന്നാകുമെന്ന് എൻസിപി നേതാവ് അജിത് പവാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇപ്പോൾ ഷിൻഡെയും അദ്ദേഹത്തിൻ്റെ വാക്കുകളും ഫഡ്നാവിസിലേക്ക് വിരൽ ചൂണ്ടുന്നു. അതിനാൽ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ​ദേവന്ദ്ര ഫഡ്നാവിസ് തന്നെയാകും.  288 അം​ഗ മഹാരാഷ്ട്ര നിയമസഭയുടെ പുതിയ മന്ത്രിസഭ ഡിസംബർ 5 നാണ് അധികാരമേൽക്കുക. മുംബൈ ആസാദ് മൈതാനത്ത് നടക്കുന്ന ചടങ്ങിൽ നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖ‍ർ പങ്കെടുക്കും.

SCROLL FOR NEXT