18 കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വർണം ധരിച്ച് ആന്ധ്രാപ്രദേശിലെ പ്രശസ്തമായ ക്ഷേത്രത്തിൽ ദർശനം നടത്തി പുനെയിൽ നിന്നുള്ള ഭക്തർ. തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലാണ് പൊലീസ് കാവലോടെ ഇവർ ദർശനം നടത്തിയത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമാണ് സർവാഭരണവിഭൂഷിതരായി ദർശനത്തിന് എത്തിയത്. കഴുത്തിൽ ഭാരമുള്ള മാലകളും സൺഗ്ലാസും ധരിച്ചെത്തിയ പുരുഷന്മാർ കാഴ്ചയിൽ കൗതുകമായി.
മഹാ വിഷ്ണുവിൻ്റെ അവതാരമായ വെങ്കിടേശ്വരനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശ്രീനിവാസൻ, ബാലാജി, വേകടാചലപതി എന്നീ പേരുകളിൽ അറിയപ്പെടുന്ന ശ്രീ വെങ്കിടേശ്വര ഭഗവാൻ അയ്യായിരം വർഷങ്ങൾക്ക് മുമ്പ് തിരുമലയെ തൻ്റെ വാസസ്ഥലമാക്കിയെന്നാണ് ഐതിഹ്യം. 16.2 ഏക്കർ സ്ഥലത്താണ് ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നത്. പുരാതന മലയോര ക്ഷേത്രത്തിൽ പ്രതിദിനം 75,000 മുതൽ 90,000 വരെ തീർത്ഥാടകർ എത്തിച്ചേരുന്നുണ്ടെന്നാണ് കണക്കുകൾ.
കഴിഞ്ഞ ജൂലൈ മാസം നടന്ന വഴിപാട് ഇനത്തിൽ നിന്ന് 125 കോടി രൂപയോളമാണ് ക്ഷേത്രത്തിന് ലഭിച്ചത്. ജൂലൈയിൽ 22 ലക്ഷത്തിലധികം തീർത്ഥാടകർ ക്ഷേത്രം സന്ദർശിച്ചതായും 8.6 ലക്ഷം ഭക്തർ ആചാരപരമായ തോരണങ്ങളും നടത്തി. ക്ഷേത്രം ഒരു കോടിയിലധികം ലഡ്ഡുകളും വിറ്റതായും കണക്കുകളിൽ പറയുന്നുണ്ട്.