NEWSROOM

പി.വി അന്‍വറിന്‍റെ ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നിര്‍ദേശിച്ച് ഡിജിപി

ഒരു ആരോപണവും വിട്ടുകളയരുതെന്നും പിഴവില്ലാതെ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡിജിപി അന്വേഷണ സംഘത്തിൻ്റെ യോഗത്തിൽ നിര്‍ദേശം നല്‍കി

Author : ന്യൂസ് ഡെസ്ക്

പി.വി. അൻവർ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിൽ സമഗ്രാന്വേഷണത്തിന് നിർദേശം നല്‍കി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്. ഒരു ആരോപണവും വിട്ടുകളയരുതെന്നും പിഴവില്ലാതെ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡിജിപി അന്വേഷണ സംഘത്തിൻ്റെ യോഗത്തിൽ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിക്ക് അൻവർ നൽകിയ പരാതിയിലാകും ആദ്യം അന്വേഷണം നടക്കുക. സ്വർണക്കടത്ത്, കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും സംഘം പ്രാഥമികമായി പരിശോധിക്കും. അതിനുശേഷമാകും എംഎൽഎയുടെ മൊഴി രേഖപ്പെടുത്തുക. എഡിജിപി എംആർ അജിത് കുമാറിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. ഒരു മാസത്തിനുള്ളിൽ തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് നിലവിൽ അന്വേഷണസംഘത്തിന്റെ തീരുമാനം.

എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണം പ്രഹസനമാണെന്ന പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനത്തിനിടയിലാണ് വിഷയത്തില്‍ സമഗ്രാന്വേഷണത്തിന് ഡിജിപി നിര്‍ദേശം നല്‍കിയത്.

മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി പി.വി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങൾ എം.വി ഗോവിന്ദന് പരാതിയായി നൽകി. നീതിപൂർവമായ അന്വേഷണം നടക്കുമെന്നാണ് വിശ്വാസമെന്ന് പി.വി അൻവർ പറഞ്ഞു. എഡിജിപി അജിത് കുമാറിനെ മാറ്റിനിർത്താതെ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടിയിലുള്ള നീരസം അൻവറിൻ്റെ വാക്കുകളിൽ പ്രകടമായിരുന്നു. ദൈവത്തിനും പാർട്ടിക്കും മാത്രമേ കീഴടങ്ങൂവെന്നും അൻവർ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായ അന്‍വറിന്‍റെ ആരോപണം അന്വേഷിക്കാന്‍ സിപിഎം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി അൻവർ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അൻവറിന്റെ ആരോപണം ചർച്ച ചെയ്യും. ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിക്കുന്നത് സംബന്ധിച്ച് സെക്രട്ടേറിയറ്റിൽ ധാരണയുണ്ടാകുമെന്നാണ് വിവരം. പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ പൊതുവെ ഉയരുന്ന വിമർശനങ്ങളും സെക്രട്ടേറിയറ്റിൽ ചർച്ചയാകാനാണ് സാധ്യത.



SCROLL FOR NEXT