എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് വൈകുന്നു. ഉച്ചയ്ക്ക് ശേഷം സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പ്രത്യേക സംഘം യോഗം ചേരുമെന്നാണ് വിവരം. അതിനു ശേഷം ഡിജിപി റിപ്പോർട്ട് നൽകുമെന്നാണ് വിശദീകരണം.
ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് നേരിട്ട് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഇന്നലെയും യോഗം ചേര്‍ന്നിരുന്നു. റിപ്പോർട്ട് ലഭിച്ചയുടന്‍ ക്രമസമാധാന ചുമതലയിൽ നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റുമെന്നാണ് സിപിഐ മന്ത്രിമാർക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ്.
ഇന്നലെ പൊലീസ് ആസ്ഥാനത്ത് ചേർന്ന അടിയന്തര യോഗത്തില്‍ ഐജി സ്പർജൻ കുമാർ, ഡിഐജി തോംസൺ ജോസ്, എസ്‌പിമാരായ ഷാനവാസ്, മധുസൂദനന്‍ എന്നിവർ പങ്കെടുത്തിരുന്നു. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയാല്‍ അജിത് കുമാറിനെ ഫയർ ഫോഴ്സ് മേധാവിയായോ, ജയിൽ മേധാവിയായോ നിയമിക്കാനാണ് നീക്കം.
ALSO READ: മുൻ കോൺഗ്രസ് നേതാവിനെ ലോക്കൽ സെക്രട്ടറിയാക്കാൻ നീക്കം; സിപിഎം സമ്മേളനം ബഹിഷ്കരിച്ച് പ്രതിനിധികള്‍
പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്കപ്പുറം തൃശൂര്‍ പൂരം കലക്കല്‍ വിവാദവും ആർഎസ്എസ് കൂടിക്കാഴ്ചയുമാണ് അജിത് കുമാറിന് വിനയായത്. ആർഎസ്എസ് കൂടിക്കാഴ്ചയിൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാടാണ് നിർണായകമായതെങ്കിൽ, പൂര വിവാദത്തിൽ ഡിജിപിയുടെ റിപ്പോർട്ടാണ് അജിത് കുമാറിനെ മാറ്റുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.