NEWSROOM

എഡിജിപി അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് നാളെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് നാളെ നേരിട്ട് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറാനാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് നാളെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് നാളെ നേരിട്ട് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറാനാണ് തീരുമാനം. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഇന്ന് അടിയന്തര യോഗം ചേര്‍ന്നിരുന്നു. റിപ്പോർട്ട് ലഭിച്ചയുടന്‍ ക്രമസമാധാന ചുമതലയിൽ നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റും.

ഐജി സ്പർജൻ കുമാർ, ഡിഐജി തോംസൺ ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനന്‍ എന്നിവർ ഇന്ന് ഡിജിപിയുടേ നേതൃത്വത്തിൽ ചേർന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയാല്‍ അജിത് കുമാറിനെ ഫയർഫോഴ്സ് മേധാവിയായോ, ജയിൽ മേധാവിയായോ നിയമിക്കാനാണ് നീക്കം.


പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്കപ്പുറം തൃശൂര്‍ പൂരം കലക്കല്‍ വിവാദവും ആർഎസ്എസ് കൂടിക്കാഴ്ചയുമാണ് അജിത് കുമാറിന് വിനയായത്. ആർഎസ്എസ് കൂടിക്കാഴ്ചയിൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാടാണ് നിർണായകമായതെങ്കിൽ, പൂര വിവാദത്തിൽ ഡിജിപിയുടെ റിപ്പോർട്ടാണ് അജിത് കുമാറിനെ മാറ്റുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.

അജിത് കുമാറിന്റെ വീഴ്ചകൾ എണ്ണിപ്പറയുന്ന ഡിജിപിയുടെ റിപ്പോർട്ട് അവഗണിച്ചാൽ നാളെ കോടതികളിൽ ചോദ്യം ചെയ്യപ്പെടുമെന്ന തിരിച്ചറിവും മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റുന്നതിന് കാരണമായി. മാത്രമല്ല നിരോധിത സംഘടനയല്ലാത്ത, കേന്ദ്രസർക്കാരിനെ പോലും നിയന്ത്രിക്കുന്ന ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ അഖിലേന്ത്യ സർവീസിലുള്ള ഒരു ഉദ്യോഗസ്ഥനെതിരെ നടപടി എടുത്താൽ അതും വിനയാകും. ഇക്കാര്യം കൂടി പരിഗണിച്ചാണ് റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രം നടപടി എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.



നീണ്ട രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ എഡിജിപി അജിത് കുമാറിന് വീഴ്ചപറ്റിയെന്ന നിലപാടിലാണ് സിപിഎമ്മും ഒടുവില്‍ എത്തിച്ചേര്‍ന്നത്. അന്വേഷണ റിപ്പോര്‍ട്ടില്‍ തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സംസ്ഥാന സമിതി യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു.

SCROLL FOR NEXT