വലപ്പാട് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ധന്യ മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ ധന്യ കുറ്റം സമ്മതിച്ചതായി കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി.കെ. രാജു ന്യൂസ് മലയാളത്തോട് പറഞ്ഞു. ഡിവൈഎസ്പി വികെ രാജു, വലപ്പാട് സിഐ എം.കെ. രമേശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
തട്ടിപ്പ് നടത്തി സമ്പാദിച്ച പണം ഓണ്‍ലൈന്‍ ട്രേഡിങ്ങിനും സുഹൃത്തുക്കള്‍ക്ക് പണം കടം നല്‍കാനുമാണ് ഉപയോഗിച്ചതെന്ന് ധന്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ ഭാഗമായി ലാഭനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ധന്യ പറഞ്ഞു.
Also Read:
ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പിന് ഇരയായ വലപ്പാട് മണപ്പുറം കോംപ്ടക് ആന്‍ഡ് കണ്‍സള്‍ട്ടന്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലില്‍ ഉണ്ടായിരുന്നു. രേഖകളടക്കമായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
19.94 കോടി രൂപയുടെ തട്ടിപ്പാണ് ധന്യ മോഹന്‍ തൃശൂര്‍ വലപ്പാടുള്ള മണപ്പുറം കോംപ്ടക് ആന്‍ഡ് കണ്‍സള്‍ട്ടൻ്റ് സ്ഥാപനത്തിൽ നടത്തിയത്. 18 വര്‍ഷത്തോളം ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ധന്യ. സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജരായ ധന്യ അഞ്ച് വര്‍ഷം മുമ്പാണ് തട്ടിപ്പ് ആരംഭിച്ചതെന്നാണ് കണ്ടെത്തല്‍. ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണിന്റെ പലിശയിനത്തിലെ തുക വകമാറ്റിയായിരുന്നു തട്ടിപ്പ്.
Also Read:
സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്നും സ്വന്തം പേരിലുള്ള അഞ്ച് അക്കൗണ്ടുകളിലേക്കും അവിടെ നിന്ന് ബന്ധുക്കളുടെ അക്കൗണ്ടിലേക്കും ട്രാന്‍സ്ഫര്‍ ചെയ്തു. ഭര്‍ത്താവിന്റെയും പിതാവിന്റെയും അടക്കം 8 അക്കൗണ്ടുകളിലായാണ് ഇവര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അഞ്ചുവര്‍ഷത്തിനിടെ 8000 തവണകളിലധികമായാണ് പ്രതി സാമ്പത്തിക ഇടപാടുകൾ നടത്തിയത്.