NEWSROOM

യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രകോപന മുദ്രാവാക്യം: ''ആ കത്തിയുണ്ടെങ്കില്‍ ഞങ്ങളെയും കുത്തിക്കൊല്ലൂ''; വിതുമ്പി ധീരജിന്റെ അച്ഛൻ

45 വര്‍ഷം പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് തിരിച്ച് തന്നത് തീരാവേദനയെന്നും രാജേന്ദ്രന്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


മലപ്പട്ടത്തെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രകോപന മുദ്രാവാക്യം വേദനയുണ്ടാക്കുന്നുവെന്ന് കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകൻ ധീരജിന്റെ അച്ഛന്‍ രാജേന്ദ്രന്‍. കൊലപ്പെടുത്തിയതിന് ശേഷവും ധീരജിനെതിരെ മുദ്രാവാക്യം വിളിക്കുന്നതെന്തിനാണെന്ന് കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും വിതുമ്പിക്കൊണ്ട് അച്ഛന്‍ ചോദിച്ചു. 45 വര്‍ഷം പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് തിരിച്ച് തന്നത് തീരാവേദനയെന്നും അദ്ദേഹം പറഞ്ഞു.

'ധീരജിനെ കുത്തിയ കത്തിയുണ്ടെങ്കില്‍ അതുകൊണ്ട് ഞങ്ങളെയും കുത്തിക്കൊല്ലൂ. 45 വര്‍ഷം പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് തിരിച്ചു തന്നത് തീരാവേദനയാണ്. വീണ്ടും ധീരജിന്റെ ഓര്‍മകളെ കുത്തി നോവിക്കുന്നു,' ധീരജിന്റെ അച്ഛന്‍ പറഞ്ഞു.

ആദ്യം അവര്‍ പറഞ്ഞത് അവര്‍ അല്ല ധീരജിനെ കൊന്നതെന്നാണ്. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ നാവുകൊണ്ട് തന്നെ പറഞ്ഞിരിക്കുന്നത് ധീരജിനെ കുത്തിയ കത്തി അവരുടെ കയ്യില്‍ ഉണ്ടെന്ന തരത്തിലാണെന്നും രാജേന്ദ്രന്‍ പറഞ്ഞു.


സംഭവത്തില്‍ പ്രതികരണവുമായി കഴിഞ്ഞ ദിവസം കണ്ണൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്തെത്തിയിരുന്നു. ധീരജിനെ കുത്തിയ കത്തിയുമായി വരുന്നവര്‍ക്ക് പുഷ്പചക്രം കരുതിവെക്കും, എന്നാല്‍ ഇങ്ങനെ പറഞ്ഞുവെന്ന് വെച്ച് ഞങ്ങള്‍ അത് ചെയ്യില്ലെന്നും കെ.കെ. രാഗേഷ് പറഞ്ഞു. മലപ്പട്ടത്ത് വന്ന് അക്രമം നടത്തിയവരെ വെറുതെ വിട്ടത് സിപിഐഎമ്മിന്റെ ഔദാര്യമാണെന്നും രാഗേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂര്‍ മലപ്പട്ടത്തെ യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിലാണ് പ്രകോപന മുദ്രാവാക്യമുയര്‍ന്നത്. ധീരജിനെ കുത്തിയ കത്തി കടലില്‍ കളഞ്ഞിട്ടില്ലെന്നായിരുന്നു മുദ്രാവാക്യം. 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പദയാത്ര മലപ്പട്ടം സെന്ററില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ആരംഭിച്ചത്. പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയും, വടിയും കുപ്പികളും പരസ്പരം വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.


ഇരുവിഭാഗങ്ങളും രണ്ട് ഭാഗത്തായി നിന്ന് പോര്‍വിളിക്കുന്ന സാഹചര്യവും ഉണ്ടായി. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് 50 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും 25 സിപിഐഎം പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഘര്‍ഷം ആസൂത്രണം ചെയ്തത് യൂത്ത് കോണ്‍ഗ്രസ് ആണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

SCROLL FOR NEXT