യുഎസ് മുന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായി പുറത്തു വന്ന യുഎസ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളിക്കളഞ്ഞു. റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടെന്നത് 'വിദ്വേഷപരമായ' ആരോപണമാണെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി ബുധനാഴ്ച പറഞ്ഞത്. എന്നാല്‍, 2020ല്‍ ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ വധിക്കാന്‍ ഉത്തരവിട്ടതിന് ട്രംപിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇറാന്‍ ലക്ഷ്യം വെച്ചിരുന്നുവെന്ന് കനാനി ഉറപ്പിച്ചു പറഞ്ഞു.
2020ല്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്‍റെ കമാന്‍ഡര്‍ ഖാസം സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ടത് ട്രംപാണെന്നാണ് ഇറാന്‍റെ ആരോപണം. ഇറാന്‍റെ ഭാഗത്തു നിന്നും ഇതിന് തിരിച്ചടിയുണ്ടാകുമെന്ന് അന്നു മുതല്‍ തന്നെ യുഎസില്‍ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇറാന്‍ ട്രംപിനെ വധിക്കാനായി പദ്ധതിയിട്ടിരുന്നതായി ചൊവ്വാഴ്ച സിഎന്‍എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലായാണ് സിഎന്‍എന്‍ വാര്‍ത്ത അവതരിപ്പിച്ചത്. ഇത്തരമൊരു പദ്ധതിയെപ്പറ്റി യുഎസ് സീക്രട്ട് സര്‍വീസിനു വിവരം ലഭിച്ചയുടനെ തന്നെ ട്രംപിനുള്ള സുരക്ഷ വര്‍ധിപ്പിച്ചിരുന്നതായാണ് പുറത്തു വരുന്ന വിവരങ്ങള്‍.
പെന്‍സില്‍വാനിയയിലെ റിപ്പബ്ലിക്കന്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിനു നേരെ വെടിവെച്ച തോമസ് മാത്യൂ ക്രൂക്‌സ് എന്ന ഇരുപതുകാരന് ഇറാന്‍ ബന്ധങ്ങളില്ലായെന്നാണ് അധികൃതര്‍ പറയുന്നത്. ഈ യുവാവുമായി ബന്ധങ്ങളില്ലായെന്ന് ഇറാനും തറപ്പിച്ചു പറഞ്ഞു.
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനായുള്ള പ്രചരണറാലിയില്‍ പങ്കെടുക്കവെയാണ് ഡൊണാള്‍ഡ് ട്രംപിനു നേരെ വധശ്രമമുണ്ടായത്. ഇത്തരത്തില്‍ നിസാരമായി ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്‍റിനു നേരെ വധശ്രമം നടന്നതില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ട്രംപിന്‍റെ സുരക്ഷ ചുമതലയുള്ള യുഎസ് സീക്രട്ട് സര്‍വീസായിരുന്നു വിമര്‍ശനത്തിന്‍റെ കേന്ദ്രം. തെരഞ്ഞെടുപ്പ് റാലിക്ക് നല്‍കിയ സുരക്ഷയില്‍ സംശയങ്ങളുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്ത് വന്നതോടു കൂടി ജോ ബൈഡന്‍റെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിരോധത്തിലായിരുന്നു.
ഇതിനു പിന്നാലെയാണ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായുള്ള വാര്‍ത്തകള്‍ വരുന്നത്. ഇറാന്‍ ഇങ്ങനെയോരു പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ട്രംപിന് മതിയായ സുരക്ഷ ലഭിച്ചില്ലായെന്നു വേണം അനുമാനിക്കാന്‍. ഇത് ഡൊമോക്രാറ്റിക് പാര്‍ട്ടിയെയും ബൈഡനെയുമാണ് സമ്മര്‍ദത്തിലാക്കുക.
പെന്‍സില്‍വാനിയയിലെ പ്രസംഗ വേദിയ്ക്ക് 130 യാര്‍ഡുകള്‍ മാത്രം അപ്പുറം നിന്നാണ് അക്രമി ട്രംപിനെ വെടിവെക്കുന്നത്. വെടിവെക്കുന്നതിന് മിനുറ്റുകള്‍ക്ക് മുന്‍പ് അക്രമിയായ തോമസ് ക്രൂക്കിനെ മൂന്ന് പൊലീസ് സ്‌നൈപ്പര്‍മാര്‍ കണ്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. സംരക്ഷിത മേഖലയായിരുന്നിട്ടു കൂടി ഈ പ്രദേശത്ത് ഒരു തോക്കുധാരി എങ്ങനെ സ്ഥാനം പിടിച്ചെന്ന ചോദ്യം യുഎസ് സീക്രട്ട് സര്‍വീസിലെ സ്നൈപ്പര്‍മാര്‍ക്ക് നേരെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അക്രമിയെ സ്നൈപ്പര്‍മാര്‍ കണ്ടിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ട്രംപിന് വെടിയേറ്റതിന് ശേഷമാണ് തോമസ് ക്രൂക്കിനെ സ്നൈപ്പര്‍മാര്‍ കൊലപ്പെടുത്തുന്നത്.
സീക്രട്ട് സര്‍വീസ് അധികൃതരെയും എഫ്ബിഐ ഉദ്യോഗസ്ഥരേയും വിളിപ്പിച്ച് ചോദ്യം ചെയ്യണമെന്ന് യുഎസ് പ്രതിനിധി സഭ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ വിവിധ സഭാ പാനലുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവംബറില്‍ നടക്കുന്ന തെരഞ്ഞടുപ്പില്‍ 'സുരക്ഷാ വീഴ്ച' വലിയൊരു പ്രചരണ ആയുധമാകാനാണ് സാധ്യത.