കോച്ച് മനു 
NEWSROOM

'മനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല, വീഴ്ച പറ്റിയിട്ടുണ്ട്' ; കെസിഎ

കെസിഎക്ക് ഇതുവരെ അഭ്യന്തര അന്വേഷണ കമ്മിറ്റിയില്ലായെന്നും ജിമ്മില്‍ പരിശീലനം നല്‍കാന്‍ വനിതാ ട്രയിനര്‍മാരില്ലായെന്നും സമ്മതിച്ച കെസിഎ തങ്ങള്‍ക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചയില്‍ മാപ്പ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിച്ച കെസിഎ ക്രിക്കറ്റ് കോച്ച് മനുവിനെതിരായ പരാതിയില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് കെസിഎ സമ്മതിച്ചു. എന്നാല്‍, ആരോപണ വിധേയനായ പരിശീലകന്‍ മനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. സംരക്ഷിക്കേണ്ട ആവശ്യം അസോസിയേഷനില്ല. മറ്റു ചില താല്‍പര്യമുള്ളവരാണ് അസോസിയേഷനെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും കെസിഎ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെസിഎക്ക് ഇതുവരെ അഭ്യന്തര അന്വേഷണ കമ്മിറ്റിയില്ലായെന്നും ജിമ്മില്‍ പരിശീലനം നല്‍കാന്‍ വനിതാ ട്രയിനര്‍ന്മാരില്ലായെന്നും സമ്മതിച്ച കെസിഎ തങ്ങള്‍ക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചയില്‍ മാപ്പ് പറഞ്ഞു.

2012 ഒക്ടോബര്‍ 12നാണ് തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കോച്ചായി മനു വരുന്നത്. കുട്ടികളോടൊപ്പം ഒരു രക്ഷിതാവ് വേണമെന്ന് നിഷ്‌ക്കര്‍ഷിച്ചിരുന്നു. പരിശീലനം നടക്കുന്നിടത്ത് സിസിടിവിയും സെക്യൂരിറ്റിയും ഉണ്ട്. ചൈല്‍ഡ് ലൈനും പൊലീസും അന്വേഷണവുമായി വരുമ്പോഴാണ് അസോസിയേഷന്‍ ഇക്കാര്യം അറിയുന്നത്. കുട്ടികളോ രക്ഷിതാക്കളോ അസോസിയേഷനില്‍ പരാതിയുമായി വന്നിരുന്നില്ല. തുടര്‍ന്ന് മനുവിനെ പരിശീലന സ്ഥാനത്തു നിന്നും നീക്കിയിരുന്നു. എന്നാല്‍ മനുവിന് കീഴില്‍ പരിശീലിച്ചിരുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും അയാളെ പിന്തുണച്ചെത്തുകയായിരുന്നു. ഇവരാണ് മനുവിനെ വീണ്ടും കോച്ചാക്കാന്‍ ആവശ്യപ്പെട്ടത്. 2029 ഏപ്രില്‍ 19നാണ് മനുവിനെതിരെ കെസിഎയ്ക്ക് ആദ്യ പരാതി ലഭിച്ചത്. പരാതി ലഭിച്ചപ്പോള്‍ തന്നെ അത് പൊലീസിന് കൈമാറി. ഈ പരാതിയില്‍ ലൈംഗീക ആരോപണം പറഞ്ഞിരുന്നില്ല. പരാതിയില്‍ വിശദീകരണം ചോദിച്ചപ്പോള്‍ മനു രാജിക്കത്ത് നല്‍കി. നോട്ടീസ് കാലാവധിയുള്ളതിലാല്‍ കാലാവധി പൂര്‍ത്തിയാക്കണമെന്ന് അസോസിയേഷന്‍ മനുവിനോട് ആവശ്യപ്പെട്ടു. ആ സമയത്താണ് പിങ്ക് ടൂര്‍ണമെന്‍റ് നടക്കുന്നത്. പിങ്ക് ടൂര്‍ണമെന്‍റില്‍ വനിത കോച്ചിനെയാണ് തീരുമാനിച്ചിരുന്നത്. ആരോഗ്യ പ്രശ്‌നം കാരണം അവര്‍ക്ക് എത്താനായില്ല. പകരം മനുവിന് കോച്ചിന്‍റെ താൽക്കാലിക ചുമതല നല്‍കുകയായിരുന്നു.

ജൂണ്‍ ആദ്യ ആഴ്ച മനുവിന് കീഴില്‍ പരിശീലിച്ചുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയും രക്ഷിതാവും പരാതിയുമായി വന്നതിനെ തുടര്‍ന്ന് മനുവിനെ പരിശീലകനായി നിയമിക്കരുതെന്ന് എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളേയും രേഖാമൂലം അറിയിച്ചിട്ടുണ്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്‍റെ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കാനും നിര്‍ദേശം നല്‍കിയതായി കെസിഎ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

SCROLL FOR NEXT