ഐപിഎല്ലിൽ മോശം ഫോം തുടർന്ന് റിഷഭ് പന്ത്. ലഖ്നൗ സൂപ്പർ ജയൻ്റ്സ് 27 കോടി രൂപയെറിഞ്ഞ് മെഗാ താരലേലത്തിൽ നിന്ന് റാഞ്ചിയതാണ് ഈ മുതലിനെ. കളിച്ച പത്ത് മത്സരങ്ങളിൽ ഒരു ഫിഫ്റ്റി മാത്രമാണ് പന്ത് നേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായിട്ടും ലഖ്നൗവിനെ ബാറ്റ് കൊണ്ട് സഹായിക്കാൻ നായകനായിട്ടില്ലെന്നതാണ് നിരാശയേകുന്ന കാഴ്ച.
49 പന്തിൽ 63 റൺസെടുത്തതാണ് ഈ സീസണിൽ റിഷഭ് പന്തിൻ്റെ ഉയർന്ന സ്കോർ. 21, 18, 15 എന്നിവയാണ് രണ്ടക്കം കടന്ന മറ്റു പ്രധാന ഇന്നിങ്സുകൾ. ആറ് തവണ ഇന്നിങ്സുകൾ നാല് റൺസിൽ താഴെയൊതുങ്ങി.
ക്യാപ്ടൻസിയിലും വലിയ മികവൊന്നും എടുത്തു പറയാൻ റിഷഭ് പന്തിന് കഴിയില്ല. കെ.എൽ. രാഹുലിന് പകരക്കാരനായി കൊണ്ടുവന്ന പന്തിനും ടീമിനെ പ്ലേ ഓഫിലെത്തിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് ടീം ഉടമ സഞ്ജീവ് ഗോയങ്ക. കളിച്ച 11 മത്സരങ്ങളിൽ അഞ്ച് ജയവും ആറ് തോൽവിയും സഹിതം 10 പോയിൻ്റോടെ ഏഴാം സ്ഥാനത്താണ് നിലവിൽ പന്ത് നയിക്കുന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സുള്ളത്.
രാജ്യത്തെ ശതകോടീശ്വരനായ വ്യവസായിയും നിക്ഷേപകനുമാണ് സഞ്ജീവ് ഗോയങ്ക. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർപിഎസ്‌ജി ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമാണ്. ഐപിഎൽ ക്രിക്കറ്റ് ടീമായ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിന് പുറമെ, ഐഎസ്എൽ ഫുട്‌ബോൾ ടീമായ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സിൻ്റേയും ഉടമയാണ്.