ലൈംഗികാരോപണം നേരിടുന്ന നടനും എംഎൽഎയുമായ മുകേഷ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകൻ ജിയോ പോൾ. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും മുകേഷുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുകേഷിൻ്റെ ജാമ്യ ഹർജി പ്രോസിക്യൂഷൻ എതിർത്തില്ല എന്നുള്ള വാർത്തയും അഭിഭാഷകൻ തള്ളി. ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസ് റിപ്പോർട്ട് ഉൾപ്പെടെ സമർപ്പിക്കാനുള്ള സമയം പ്രോസിക്യൂഷന് ലഭിച്ചില്ല. അതിനാലാണ് മുകേഷിന് ജാമ്യം ലഭിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു. മൂന്നാം തീയതി വരെ മുകേഷിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. ഈ സാഹചര്യത്തിലാണ് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തുക.
സിപിഐ അടക്കം മുകേഷിൻ്റെ രാജി ആവശ്യം ശക്തമാക്കിയിരിക്കെ ഇന്നു ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ നിർണായക തീരുമാനമുണ്ടാകും. ധാർമികത മുൻനിർത്തി മുകേഷ് മാറിനിൽക്കണമെന്ന സിപിഐ നിലപാട് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. എന്നാൽ സമാന കേസുകളിൽ പ്രതികളായ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജി വെച്ചിട്ടില്ലെന്നും, അതുകൊണ്ട് മുകേഷിൻ്റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎം നിലപാട്. പാർട്ടിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം രൂപപ്പെട്ട സാഹചര്യത്തിൽ കൂടി ഇന്നത്തെ യോഗത്തിൽ നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.