കോഴിക്കോട് നടുവണ്ണൂരിൽ ഇന്ത്യൻ ഓയിൽ കോർപറേഷന് കീഴിലെ പമ്പിനടുത്തുള്ള വീടുകളിലെ കിണറുകളിൽ ഡീസൽ കലർന്നതായി പരാതി. കിണറിൽ ഡീസൽ കലർന്നതോടെ ദൈനംദിന ആവശ്യങ്ങൾക്ക് പോലും വെള്ളം ഉപയോഗിക്കാനാവാതെ ദുരിതമനുഭവിക്കുകയാണ് പ്രദേശവാസികൾ . നാട്ടുകാരുടെ പരാതിയിൽ പമ്പിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ നടുവണ്ണൂർ പഞ്ചായത്ത് ഉത്തരവ് നൽകി.
കഴിഞ്ഞ ഒരാഴ്ചക്കാലമായി കോഴിക്കോട് നടുവണ്ണൂർ ജവാൻ ഷൈജു ബസ് സ്റ്റോപ്പിനടുത്തുള്ള വീടുകളിലെ കിണറുകളിൽ നിന്നും വെള്ളം എടുക്കാൻ കഴിയാത്ത അവസ്ഥയാണ്. കുടിക്കാനോ ഭക്ഷണം പാചകം ചെയ്യാനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ കഴിയാത്തവിധം കിണറുകളിൽ ഡീസൽ നിറഞ്ഞതായി പ്രദേശവാസികൾ പറയുന്നു. കിണർ വെള്ളം ഉപയോഗിച്ച നിരവധി ആളുകൾക്ക് വയറിളക്കവും ഛർദിയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതായും പ്രദേശവാസികൾ ചൂണ്ടികാട്ടി.
ഇന്ത്യൻ ഓയിൽ കോർപറേഷന് കീഴിലുള്ള പി.പി.സൺസ് പെട്രോൾ പമ്പിനടുത്തുള്ള കിണറുകളിലാണ് ഡീസൽ കലർന്നത് . പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നത് നിർത്തി വയ്ക്കണമെന്നും കുടിവെള്ളം മലിനമായ വീടുകളിൽ പമ്പുടമ ശുദ്ധജലം വിതരണം ചെയ്യണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
കിണറുകളിലേക്ക് ഡീസൽ കലരുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കുൾപ്പെടെ കാരണമായോക്കാം. മറ്റ് ജല സ്രോതസുകളിലേക്കും ഡീസൽ കലരാനുള്ള സാധ്യതയും ഇപ്പോൾ നിലനിൽക്കുന്നു. പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിനായി കർമ്മ സമിതി രൂപീകരിച്ചിരിക്കുകയാണ് പ്രദേശവാസികൾ.