NEWSROOM

ആർപ്പ് വിളിച്ചും പാട്ടുകൾ പാടിയും മാവേലിയും കൂട്ടരും; ഗുരുവായൂർ- എറണാകുളം പാസഞ്ചർ ട്രെയിനിലെ ഓണാഘോഷം

മാവേലിയുടെ വക പാലട പായസവും, കായ വറുത്തതും, ശർക്കര ഉപ്പേരിയുമൊക്കെ എത്തിയതോടെ യാത്രക്കാർക്ക് ഇരട്ടി മധുരം

Author : ന്യൂസ് ഡെസ്ക്



ഓണക്കാലത്ത് മാവേലി കാഴ്ചകൾ പുതുമയല്ലെങ്കിലും ട്രെയിനിൽ മാവേലിയെത്തുന്നത് കൗതുകം ഉണർത്തുന്ന കാര്യമാണ്. എന്നാൽ ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിനിൽ ഇന്ന് പുലർച്ചെ കയറിയ യാത്രക്കാരെ സ്വാഗതം ചെയ്തത് മാവേലിയായിരുന്നു. ട്രെയിനിലെ സ്ഥിരം യാത്രക്കാരുടെ ഓണാഘോഷത്തിൻ്റെ ഭാഗമായിരുന്നു മാവേലിയുടെ തീവണ്ടിയിലുള്ള വരവ്. ആഘോഷങ്ങളിൽ വ്യത്യസ്തത കണ്ടെത്താൻ ശ്രമിക്കുന്ന കാര്യത്തിൽ ഒട്ടും പുറകിലല്ല എന്ന തെളിയിക്കുകയാണ് തൃശൂരുകാരും, തൃശ്ശൂരിലെ റെയിൽവേ പാസഞ്ചർ അസോസിയേഷനും.

ആർപ്പ് വിളിച്ചും പാട്ടുകൾ പാടിയും മാവേലിയും കൂട്ടരും ബോഗികൾ തോറും എത്തിയതോടെ യാത്രക്കാർ ഒന്നാകെ ഓണാഘോഷത്തിൻ്റെ ഭാഗമായി. പുലർ കാലത്ത് തന്നെയുണ്ടായ ഒച്ചയിലും ബഹളത്തിലും പലർക്കും ആദ്യം അൽപം അലോസരം തോന്നിയെങ്കിലും മാവേലിയെ കണ്ടതോടെ എല്ലാവരും ഹാപ്പിയായി.

ALSO READ: 'ഉറുമ്പിനോണം'; മാവേലിക്കൊപ്പം എത്തുന്ന പാതാളവാസികള്‍ക്ക് തൂശനിലയില്‍ സദ്യ

മാവേലിയുടെ വക പാലട പായസവും, കായ വറുത്തതും, ശർക്കര ഉപ്പേരിയുമൊക്കെ എത്തിയതോടെ യാത്രക്കാർക്ക് ഇരട്ടി മധുരം. ഇതാദ്യമായാണ് ഇങ്ങനെയൊരു ഓണാഘോഷം എന്നായിരുന്നു ട്രെയിനിലെ സ്ഥിരം യാത്രക്കാരൻ്റെ അഭിപ്രായം. ഇന്ന് പുലർച്ചെ 6.45ന് ഗുരുവായൂരിൽ തുടങ്ങിയ ട്രെയിനിലെ ആഘോഷം എറണാകുളത്ത് എത്തിയതോടെയാണ് അവസാനിച്ചത്.

SCROLL FOR NEXT