NEWSROOM

'ഡീസന്റ് അപ്രോച്ച്, ഡീസന്റ് അറ്റാക്ക്, അനാ ഡീപ്പായിറുക്കും'; വിക്രവാണ്ടിയില്‍ വിജയാരവം

Author : ന്യൂസ് ഡെസ്ക്

'ഡിഎംകെയുടേത് കുടുംബ വാഴ്ച, ബിജെപി മുഖ്യ രാഷ്ട്രീയ ശത്രു, വഞ്ചകരില്‍ നിന്ന് തമിഴിനാടിനെ മോചിപ്പിക്കും, ഇനി പേടിക്കേണ്ട ഞാന്‍ കളത്തിലിറങ്ങി'... അണികളെ ഇളക്കി മറിച്ചും ഡിഎംകെയെ കടന്നാക്രമിച്ചും വിജയ്‌യുടെ നയപ്രഖ്യാപന പ്രസംഗം.

വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ 85 ഏക്കറില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം അക്ഷരാര്‍ഥത്തില്‍ എല്ലാ ചേരുവളും ചേര്‍ന്ന മാസ് വിജയ് സിനിമയായിരുന്നു. അണികളെ ഇളക്കി മറിക്കാന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ഗാനം, വിജയ്‌യുടെ മാസ് ഡയലോഗുകളും എല്ലാമായി ഒരു സിനിമാറ്റിക് അരങ്ങേറ്റം.

ഡിഎംകെയെ കടന്നാക്രമിച്ചായിരുന്നു വിജയ്‌യുടെ നയപ്രഖ്യാപന പ്രസംഗം. ദ്രാവിഡ മോഡല്‍ എന്ന് പറഞ്ഞ് ഡിഎംകെ ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. തമിഴ്‌നാടിനെ ഡിഎംകെ കുടുംബം കൊള്ളയടിക്കുകയാണ്. തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് വിജയിക്കുമെന്ന് പ്രഖ്യാപിച്ച ജോസഫ് വിജയ് താന്‍ എത്തിയത് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാനാണെന്നും പറഞ്ഞു.


കരിയറില്‍ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ അത് വേണ്ടെന്ന് വെച്ച് ജനങ്ങള്‍ക്കു വേണ്ടി ഇറങ്ങുമ്പോള്‍ അധികാരം ലഭിച്ചാല്‍ അതിന്റെ പങ്ക് തന്നെ പിന്തുണയ്ക്കുന്നവര്‍ക്കു കൂടി ലഭിക്കുമെന്നും ഓര്‍മിപ്പിച്ചു. ലക്ഷ്യം 2026 ലെ തെരഞ്ഞെടുപ്പാണ്. എല്ലാ മണ്ഡലത്തിലും മത്സരിക്കും. അഴിമതിയും വര്‍ഗീയതയുമാണ് രാഷ്ട്രീയത്തിലെ ശത്രുക്കള്‍.

എല്ലാവരും തുല്യരാണെന്ന് പറഞ്ഞു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. ജനിച്ചവരെല്ലാം തുല്യരാണെന്ന് പറഞ്ഞ് ജാതീയതയ്‌ക്കെതിരായ നിലപാട് വ്യക്തമാക്കി. നിരീശ്വരവാദം തന്റെ അജണ്ടയല്ല, ആരുടേയും വിശ്വാസത്തെ എതിര്‍ക്കില്ല എന്ന് വ്യക്തമാക്കി മതേതര നിലപാടും അറിയിച്ചു. സാമൂഹ്യ നീതിയില്‍ ഊന്നിയ മതേതര സമൂഹമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചു.


സ്വന്തം സിനിമകളിലെ നായക കഥാപാത്രത്തെ പോലെ, പുഞ്ചിരിയോടെ എന്നാല്‍ ഗൗരവം ചോരാതെ രാഷ്ട്രീയത്തില്‍ ഇടപെടും. രാഷ്ട്രീയത്തില്‍ തന്റെ വഴികാട്ടികള്‍ പെരിയാര്‍, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ എന്നിവരൊക്കെയാണ്.

തമിഴ് ജനതയുടെ വികാരങ്ങളെ ഉള്‍ക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തിലുടനീളം ഉണ്ടായിരുന്നത്. നീറ്റ് വിഷയം, തമിഴ് ഭാഷ, മധുരയില്‍ സെക്രട്ടറിയേറ്റ് ബ്രാഞ്ച്, സംസ്ഥാന സര്‍ക്കാരിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഗവര്‍ണറുടെ പദവി നീക്കാന്‍ സമ്മര്‍ദം ചെലുത്തും, അഴിമതി രഹിത ഭരണം ഉറപ്പാക്കും, വര്‍ണവിവേചനത്തിനെതിരെ ശക്തമായ ശിക്ഷ നടപ്പാക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാന്‍ സമ്മര്‍ദം ചെലുത്തും, കൈക്കൂലിയും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇല്ലാതാക്കും എന്നിങ്ങനെയാണ് പാര്‍ട്ടി നയങ്ങള്‍.

SCROLL FOR NEXT