'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പില്‍ നോയിഡയിലെ വനിത ഡോക്ടര്‍ക്ക് 59 ലക്ഷം രൂപ നഷ്ടമായി. നോയിഡ സെക്ടര്‍ 77ല്‍ താമസിക്കുന്ന ഡോ. പൂജ ഗോയലാണ് ഡല്‍ഹി എന്‍സിആര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘത്തിൻ്റെ ഇരയായത്.
ജൂലൈ 13നാണ് പൂജയ്ക്ക് തട്ടിപ്പ് സംഘത്തിൻ്റെ കോള്‍ വരുന്നത്. ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ (ട്രായ്) നിന്നുമാണെന്ന് പരിചയപ്പെടുത്തിയ ഇവര്‍ പൂജയുടെ ഫോണ്‍ പോണ്‍ ദ്യശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു. എന്നാല്‍ ഇത് നിരസിച്ചപ്പോള്‍ പൂജയോട് സംഘം വീഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെട്ടു. വീഡിയോ കോളിലെത്തിയ പൂജയോട് അവര്‍ ഡിജിറ്റല്‍ അറസ്റ്റിലാണ് എന്ന് അറിയിച്ചു. 48 മണിക്കൂര്‍ ഈ അവസ്ഥയില്‍ തുടര്‍ന്ന ശേഷം പൂജയുടെ കയ്യില്‍ നിന്നും 59,54000 രൂപ സംഘം ഒരു പ്രത്യേക അക്കൗണ്ടിലേക്ക് വാങ്ങുകയായിരുന്നു. തട്ടിപ്പിനിരയായി എന്ന് മനസിലാക്കിയ പൂജ ജൂലൈ 22ന് നോയിഡ സെക്ടര്‍ 36 ലെ സൈബര്‍ ക്രൈം സെല്ലില്‍ പരാതി നല്‍കി.
ഡല്‍ഹി കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റ് വഴി ലക്ഷങ്ങള്‍ കൈക്കലാക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം കേസുകളില്‍ തട്ടിപ്പുകാര്‍ ഇരകളെ ഒരു വീട്ടിലോ, മുറിയിലോ തടവിലാക്കി നിയമപാലകരായി നടിക്കുകയാണ് പതിവ്. ഇതിനായി വ്യാജ തിരിച്ചറിയല്‍ രേഖകളും ഇവര്‍ ഉപയോഗിക്കും. ഡിജിറ്റല്‍ അറസ്റ്റില്‍ ജാഗ്രത പാലിക്കണമെന്ന് നോയിഡ പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.