NEWSROOM

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി; സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു

ഏറെക്കാലമായി വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം

Author : ന്യൂസ് ഡെസ്ക്


സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5:40നായിരുന്നു അന്ത്യം. ഏറെക്കാലമായി വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു ബാലചന്ദ്രകുമാർ. രണ്ട് വൃക്കകളും തകരാറിലായതോടെ ഡയാലിസിസ് ചെയ്താണ് ബാലചന്ദ്രകുമാർ മുന്നോട്ട് പോയിരുന്നത്. ഹൃദയാഘാതവും സംഭവിച്ചതോടെ ബാലചന്ദ്രകുമാറിന്റെ നില ഗുരുതരമായി. തലച്ചോറിനുണ്ടായ അണുബാധയും ആരോഗ്യസ്ഥിതി മോശമാക്കിയിരുന്നു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടാക്കിയത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് ദിലീപിനെതിരായ ബലാത്സംഗക്കേസിൽ വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയത്. രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായും തുടര്‍ച്ചയായി ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരായിരുന്നു.

SCROLL FOR NEXT