സംവിധായകന്‍ രഞ്ജിത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി ഹൈക്കോടതി. ബംഗാളി നടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിലാണ് രഞ്ജിത്ത് മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചത്. നിലവിൽ ചുമത്തിയിരിക്കുന്ന കുറ്റം ജാമ്യം ലഭിക്കാവുന്നവയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡയസ് ഹർജി തീർപ്പാക്കിയത്.
തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും സിനിമയിൽ അവസരം നൽകാത്തതിന്‍റെ നീരസമാണ് പരാതിക്ക് കാരണമെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം. 2009ൽ സിനിമാ ചർച്ചയ്ക്കായാണ് നടിയെ കൊച്ചിയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തിയത്. തൻ്റെ സഹപ്രവർത്തകരായ നാലുപേരും അവിടെയുണ്ടായിരുന്നു. അസോസിയേറ്റ് ശങ്കർ രാമകൃഷ്ണനാണ് നടിയുമായി സംസാരിച്ചത്. എന്നാൽ നടി നൽകിയ ഇ-മെയിൽ പരാതിയിൽ ഇക്കാര്യം മറച്ചുവെച്ചുവെന്നും രഞ്ജിത്ത് ഹർജിയിൽ ആരോപിച്ചിരുന്നു.
താൻ അസുഖബാധിതനായി ചികിത്സയിലാണെന്നും, പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും, അത് തടയണമെന്നും രഞ്ജിത്ത് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.