NEWSROOM

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

പരാതി നൽകിയ യുവാവ് പറയുന്നത് പച്ചക്കള്ളമാണെന്നും കോടതി നിരീക്ഷിച്ചു

Author : ന്യൂസ് ഡെസ്ക്


സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിൻ്റെ പീഡന പരാതിയിൽ കേസന്വേഷണം സ്റ്റേ ചെയ്തു കർണാടക ഹൈക്കോടതി. സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി പ്രഥമദൃഷ്ട്യാ കള്ളമെന്ന് കോടതി ചൂണ്ടിക്കാട്ടി. രഞ്ജിത്തിനെതിരെ പരാതി നൽകിയ വ്യക്തി കള്ളം പറയുകയാണെന്നും കോടതി നിരീക്ഷിച്ചു. രഞ്ജിത്ത് 2012ൽ ബെംഗളൂരുവിലെ താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവാവിൻ്റെ പരാതി.

എന്നാൽ, 2016ലാണ് ബെംഗളൂരുവിലെ താജ് ഹോട്ടൽ പ്രവർത്തനമാരംഭിച്ചതെന്നും, 2012ൽ നടന്ന സംഭവത്തിൽ 2024ൽ പരാതി നൽകിയ സാഹചര്യം സംശയാസ്പദമാണെന്നും കോടതി വിമർശിച്ചു. പരാതിക്കാരനെതിരെ രൂക്ഷവിമർശനവും കോടതി നടത്തി. സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകിയ യുവാവ് പറയുന്നത് പച്ചക്കള്ളമാണെന്നും കോടതി നിരീക്ഷിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബർ 28നാണ് രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ബെംഗളൂരു പൊലീസ് കേസെടുത്തത്. 2012ല്‍ ബെംഗളൂരു വിമാനത്താവളത്തിന് സമീപമുള്ള താജ് ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി. ആദ്യം കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തി ബെംഗളൂരു എയര്‍പോര്‍ട്ട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് രഞ്ജിത്തിനെതിരെ പീഡന ആരോപണവുമായി യുവാവ് രംഗത്തെത്തിയത്. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. യുവാവിൻ്റെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചിരുന്നു.

2012ല്‍ 'ബാവൂട്ടിയുടെ നാമത്തില്‍' എന്ന സിനിമാ സെറ്റില്‍ ഷൂട്ടിങ് കാണാന്‍ പോയ സമയത്താണ് രഞ്ജിത്ത് വിളിപ്പിച്ചതെന്ന് യുവാവ് പറയുന്നു. പരിചയപ്പെട്ടപ്പോള്‍ ഫോണ്‍ നമ്പര്‍ നല്‍കി. കുറച്ച് നാളുകള്‍ക്ക് ശേഷം ബെംഗളൂരുവില്‍ വരാന്‍ ആവശ്യപ്പെട്ടു. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ മദ്യം നല്‍കിയ ശേഷം വിവസ്ത്രനാക്കി ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് യുവാവിന്റെ പരാതി.

SCROLL FOR NEXT