ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ ചലച്ചിത്രകാരൻ. ഷാജി എൻ കരുൺ ഓർമയാകുമ്പോൾ പിറവി, സ്വം , വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം നടക്കാതെ പോയ ഒരു ചിത്രത്തിൻ്റെ കഥ കൂടി മലയാളികളുടെ ചർച്ചയിലെത്തും. ഏറെ നാൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഗാഥ എന്ന ചിത്രമാണ് അത്.
ടി പത്മനാഭന്‍റെ 'കടല്‍' എന്ന കഥയെ ആസ്പദമാക്കി ആലോചിച്ച സിനിമയായിരുന്നു ഗാഥ. സംഗീതത്തിന് പ്രാധാന്യമുള്ള കഥയായിരുന്നു കടൽ. മനുഷ്യ ബന്ധങ്ങളുടെ തീവ്രതയും, പ്രതീക്ഷയും, നിരാശകളുമെല്ലാം കടന്നുവരുന്ന കഥയിൽ കടൽ ഒരു കഥാപാത്രത്തേപ്പോലെ ഇഴചേരുന്നു.
2012 ലാണ് ഗാഥ എന്ന പ്രൊജക്ടിന് തുടക്കമിട്ടത്. കടൽ എന്ന കഥയിൽ നിന്ന് ഗാഥ സിനിമയെ കണ്ടെത്താൻ ഷാജി എൻ കരുൺ എടുത്ത പ്രയത്നങ്ങൾ ചെറുതായിരുന്നില്ല.അതിനായി കണ്ട സ്വപ്നങ്ങളും. കടല്‍ പോലെ ആയിരിക്കണം സംഗീതം. കഥ പുരോഗമിക്കുന്നതുപോലെ തന്നെ പോലെ ആവർത്തന വിരസതയില്ലാതെ പ്രേക്ഷകന് ആസ്വദിക്കാവുന്ന തരത്തിലാകണം.കണ്ടതുതന്നെ വീണ്ടും കാണാന്‍ പറ്റാത്ത ഒന്ന്. അങ്ങനെ ഗാഥയെക്കുറിച്ച് സങ്കൽപ്പങ്ങൾ ഏറെയായിരുന്നു. അതിനായി ചിത്രീകരണത്തിലടക്കം ഏറെ സാധ്യകൾ പരീക്ഷിക്കേണ്ടിയിരുന്നു എന്ന് ഷാജി തന്നെ പറഞ്ഞിട്ടുണ്ട്.
മലയാളം, ഹിന്ദി ഭാഷകളിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ച ചിത്രത്തിനായി ഇന്ത്യ, പോളണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നിർമ്മാണ കമ്പനികളാണ് പണം മുടക്കുക എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.വാനപ്രസ്ഥത്തിനു ശേഷം ഷാജി എൻ കരുൺ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു എന്ന് ഒരു ഘട്ടത്തിൽ വാർത്തകൾ വന്നിരുന്നു. ഗാഥ എന്ന സിനിമയെക്കുറിച്ചായിരുന്നു ആ വർത്തകളത്രയും.
പിന്നീട് മോഹൻലാൽ പിൻമാറിയെന്നും കമൽഹാസൻ നായകനായെത്തുമെന്നും റിപ്പോർട്ടുകൾ വന്നു. സിനിമ ഉപേക്ഷിച്ചു എന്നതടക്കം വാർത്തകൾ പലതരത്തിൽ പുറത്തുവന്നതോടെ 2017 ല്‍ ഷാജി എന്‍ കരുണിന്‍റെ അസോസിയേറ്റും തിരക്കഥാകൃത്തുമായ സജീവ് പാഴൂര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന തരത്തിലായിരുന്നു അന്ന് അദ്ദേഹം അഭിമുഖത്തിൽ സംസാരിച്ചത്.
ഏറെ ചർച്ചകൾക്ക് തുടക്കമിട്ടെങ്കിലും പിന്നീട് ആ സിനിമ ഉപേക്ഷിച്ചു. ആവശ്യമായ പണം കണ്ടെത്താനാകാത്തതു കൊണ്ടാണ് ചിത്രം ഉപേക്ഷിച്ചതെന്ന് ഷാജി എൻ കരുൺ തന്നെ പറഞ്ഞിരുന്നു. വിദേശത്തുള്ള ഒരു സംഗീതജ്ഞനെയാണ് അതിന്‍റെ മ്യൂസിക് ചെയ്യാന്‍ ആലോചിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഒരിക്കൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയെ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.
ഗാഥ എന്ന ചിത്രം ഉപേക്ഷിച്ചതായി സ്ഥിരീകരിച്ച് സംസാരിക്കുമ്പോൾ ഷാജി എൻ കരുൺ പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. "ലഭ്യമായ ബജറ്റില്‍ പടം തീര്‍ക്കാന്‍ പറ്റില്ലായിരുന്നു. എങ്ങനെയെങ്കിലും വേണമെങ്കില്‍ തീര്‍ക്കാം. പക്ഷേ അങ്ങനെയെങ്കില്‍ ഞാന്‍ ആ വര്‍ക്കിനോട് ചെയ്യുന്ന ഒരു അനീതി ആയിരിക്കും. അതുകൊണ്ട് ഒഴിവായിപ്പോയതാണ്"- തൻ്റെ സൃഷ്ടിയോട് വിട്ടു വീഴ്ച ചെയ്യാൻ കഴിയാത്ത ഒതു കലാകാരൻ്റെ വാക്കുകളാണത്.ഒരു പക്ഷെ ആ സിനിമാ ജിവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ നിരാശകളിലൊന്നായിരിക്കും ഗാഥ എന്ന നടക്കാതെ പോയ ചിത്രം.