NEWSROOM

ചേന്ദമംഗലം കൂട്ടക്കൊല: ജിതിന്‍ മരിക്കാത്തതില്‍ നിരാശ; മൂന്ന് പേരെ കൊന്നതില്‍ കുറ്റബോധമില്ലെന്നും പ്രതി ഋതു

ഋതു ജയനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Author : ന്യൂസ് ഡെസ്ക്

ചേന്ദമംഗലം കൂട്ട കൊലപാതക കേസില്‍ പ്രതിക്ക് കുറ്റബോധമില്ലെന്ന് പൊലീസ്. ജിതിന്‍ മരിക്കാത്തതില്‍ നിരാശയുണ്ടെന്ന് ഋതു ജയന്‍ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ഋതു ജയനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ശാസ്ത്രീയ തെളിവുകളോടെ ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് മുനമ്പം DySP പറഞ്ഞു.

ജനുവരി 16നാണ് ചേന്ദമംഗലം കിഴക്കുംപുറത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ഋതു തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ചികിത്സയിലാണ്.

പ്രതി ഋതുവിന്റെ തിരിച്ചറിയല്‍ പരേഡും വൈദ്യ പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. നാളെയാണ് കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. ഋതുവിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. കൊലപാതകം നടത്താന്‍ ഉറപ്പിച്ചാണ് പ്രതി വീട്ടില്‍ എത്തിയതെന്നും കൂട്ടക്കുരുതിയിലേക്ക് നയിച്ചത് കടുത്ത വൈരാഗ്യമാണെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണമുറപ്പിക്കാന്‍ മൂന്നുപേരുടെയും തലയില്‍ നിരവധി തവണ കമ്പി വടി കൊണ്ടടിച്ചു. മോട്ടോര്‍ സൈക്കിളില്‍ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് അടിച്ചും കത്തി കൊണ്ടു കുത്തിയുമാണ് കൊലപാതകങ്ങള്‍ നടത്തിയത്.

കൊല്ലപ്പെട്ട വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ തന്റെ സഹോദരിയെപ്പറ്റി മോശമായി സംസാരിച്ചതാണ് ആക്രമിക്കാന്‍ കാരണമെന്നാണ് പ്രതി പറയുന്നത്. ജിതിനെ ആക്രമിക്കാനാണ് എത്തിയതെന്നും തടുക്കാന്‍ ശ്രമിച്ചവരെ പിന്നീട് ആക്രമിക്കുകയായിരുന്നു എന്നുമാണ് ഋതുവിന്റെ മൊഴി. പന്ത്രണ്ടും ആറും വയസ് മാത്രം പ്രായമുള്ള കുട്ടികളുടെ മുന്നിലിട്ടാണ് അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ക്രൂരമായി പ്രതി കൊലപ്പെടുത്തിയത്. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളില്‍ പ്രതിയുമാണ് ഋതു.

SCROLL FOR NEXT