മൂന്നാം മോദി സർക്കാരിൻ്റെ സമ്പൂർണ ബജറ്റ് കേരളവിരുദ്ധമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റിൽ കേരളത്തെ പരിഗണിക്കാത്തതിൽ പ്രതിഷേധമുണ്ട്. സ്വന്തം മുന്നണി താല്പര്യം സംരക്ഷിക്കുകയാണ് ധനമന്ത്രി ചെയ്യുന്നത്. ചില സംസ്ഥാനങ്ങൾക്ക് മാത്രം കേന്ദ്രം പരിഗണന നൽകിയെന്നും ധനമന്ത്രി ആരോപിച്ചു.
ദാരിദ്ര്യനിർമാർജ്ജനം, ഭക്ഷ്യസംസ്കരണം, അംഗൻവാടി എന്നിവയ്ക്കുള്ള വിഹിതം വൻ തോതിൽ വെട്ടിക്കുറച്ചു. ജനവിരുദ്ധവും നിരാശജനകവുമായ ബജറ്റ്. കേരളത്തിന് നിയമപരമായി അർഹതയുള്ള തുക പോലും എടുക്കാൻ സമ്മതിക്കില്ലെന്ന സാഹചര്യമാണെന്നും ധനമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്കായി ഒരു രൂപ പോലും തന്നില്ല. വിഴിഞ്ഞം പദ്ധതിയുടെ തുക അനുവദിക്കാത്തതിൽ രാഷ്ട്രീയമായ ലക്ഷ്യം ഉണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഏറെ കാലത്തെ സ്വപ്നമായ എയിംസും അനുവദിച്ചില്ല. ഇൻകം ടാക്സിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും മോശമായ ബജറ്റാണ് മൂന്നാം മോദി സർക്കാരിന് വേണ്ടി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇങ്ങനെ പോയാൽ ഈ സർക്കാർ അധികകാലം മുന്നോട്ട് പോകില്ലെന്നും എല്ലാവരും ചേർന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റ് വിഹിതം കുറഞ്ഞു വരുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്. കേരളത്തിൽ ആകെ ചെലവിൻ്റെ 21 ശതമാനം മാത്രമാണ് ലഭിക്കുന്നത്.
ആന്ധ്രയ്ക്ക് 72 ശതമാനം വിഹിതവും ആനുകൂല്യവും ലഭിക്കുന്നു. ഇതിൽ അങ്ങേയറ്റം പ്രതിഷേധം ഉണ്ട്. ഇന്ത്യയിൽ എല്ലാ ജനങ്ങൾക്കും അർഹമായ പരിഗണന കിട്ടണം. കേരളത്തിന് മാത്രമല്ല ശക്തമായ പ്രതിഷേധം മിക്ക സംസ്ഥാനങ്ങൾക്കുമുണ്ട്. സമ്പദ്ഘടനയെ മുന്നോട്ട് കൊണ്ട് പോകുന്ന ഒരു സമീപനവും ഈ ബജറ്റിൽ ഇല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.