SATISH 
NEWSROOM

ഷിരൂരില്‍ നിരാശ: ഇതുവരെ ഒന്നും കണ്ടെത്താനായില്ല; ബാക്കി തീരുമാനം ഉന്നതതലയോഗത്തില്‍: കാര്‍വാര്‍ എംഎല്‍എ

ഉന്നതതല യോഗം ചേരുന്നുണ്ടെന്നും അതിന് ശേഷം തെരച്ചിലുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കുമെന്നും സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തുന്നതിനായി 13 ദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. നദിയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ ചളിയും പാറയും മരങ്ങളുമാണ് കണ്ടെത്തിയതെന്നും പുഴയില്‍ അടിയൊഴുക്ക് ശക്തമാണെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹൈഡ്രോഗ്രാഫിക് സര്‍വേയുമായി ബന്ധപ്പെട്ടപ്പോള്‍ അടുത്ത 21 ദിവസവും കനത്തമഴയായിരിക്കുമെന്ന മുന്നറിയിപ്പാണ് ലഭിച്ചത്. ഉന്നതതല യോഗം ചേരുന്നുണ്ടെന്നും അതിന് ശേഷം തെരച്ചിലുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കുമെന്നും സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും പുഴയില്‍ അടിയൊഴുക്ക് കുറയുകാണെങ്കില്‍ ഈശ്വര്‍ മാല്‍പെ സംഘം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും എംഎല്‍എ പറയുന്നു.

അതേസമയം ദൗത്യത്തില്‍ നിന്നും പിന്മാറുകയാണെന്നാണ് ഈശ്വര്‍ മാല്‍പെ അറിയിച്ചത്. അടിയൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ തെരച്ചില്‍ ദുഷ്‌കരമാണെന്നാണ് ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞത്.


സതീഷ് കൃഷ്ണ സെയില്‍ എംഎല്‍എയുടെ വാക്കുകള്‍


ഈശ്വര്‍ മാല്‍പെ സംഘവും നേവി എന്‍ഡിആര്‍എഫ് എസ്ഡിആര്‍എഫ് എന്നിവരും ചേര്‍ന്നാണ് ഇന്ന് പരിശോധന നടത്തിയത്. നദിയിലെ നാല് പോയിന്റുകളിലും മാല്‍പെ സംഘം പരിശോധിച്ചു. ഒരു സ്ഥലത്ത് നദിയില്‍ ഹൈടെന്‍ഷന്‍ വയര്‍ കിടക്കുന്നുണ്ടായിരുന്നു. അത് നീക്കം ചെയ്തിട്ടുണ്ട്.

കലങ്ങിയ പുഴയില്‍ ചളിയും അതിന് താഴെ പാറയും വലിയ ആല്‍മരവും കുടുങ്ങികിടക്കുന്നുണ്ട്. ഇന്നലെയും ഇന്നുമായി മാല്‍പെ സംഘം പരിശോധിച്ചു വരികയാണ്.

ഞങ്ങള്‍ ഹൈഡ്രോഗ്രാഫിക് സര്‍വേയുമായും ബന്ധപ്പെട്ടു. വലിയ റിസ്‌കാണെന്നും അടുത്ത 21 ദിവസവും കനത്ത മഴയാണ് വരാന്‍ പോകുന്നതെന്നുമാണ് ഹൈഡ്രോഗ്രാഫിക് സര്‍വേ അറിയിച്ചത്. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ തെരച്ചില്‍ നടത്തുക അതീവ ദുഷ്‌കരമാണ്.

മുഖ്യമന്ത്രിയോടും ഡിസിപിയോടും റവന്യു മന്ത്രിയോടും മറ്റു മന്ത്രിമാരോടും സംസാരിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. നദിയില്‍ കുത്തൊഴുക്ക് കുറയുകയാണെങ്കില്‍ അദ്ദേഹം മൂന്ന് മണിക്കൂറിനകം വരുമെന്നും തെരച്ചില്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായും നിലവില്‍ സംസാരിക്കുന്നുണ്ട്. ഇതാണ് നിലവിലെ സാഹചര്യം. ഒന്നും ഒളിച്ചുവെക്കുകയോ തെറ്റായി പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. പറ്റുന്ന രീതിയിലൊക്കെ സഹകരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട് എന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.

SCROLL FOR NEXT