NEWSROOM

ഷിരൂർ ദൗത്യത്തിൽ രണ്ടാം ദിനം നിരാശ; മഴയെ തുടർന്ന് തെരച്ചിൽ അവസാനിപ്പിച്ചു

ഇന്ന് നടത്തിയ തെരച്ചിലിൽ പുഴയുടെ അടിത്തട്ടിൽ നിന്നും ബൈക്കും, ടാറ്റ ലോറിയുടെ എഞ്ചിനും കണ്ടെത്തി

Author : ന്യൂസ് ഡെസ്ക്

ഷിരൂരിൽ അർജുനായുള്ള തെരച്ചിലിൽ രണ്ടാം ദിനം നിരാശ. മേഖലയിൽ ശക്തമായ മഴ തുടരുന്നതിനെ തുടർന്നാണ് രണ്ടാം ദിവസത്തെ തെരച്ചിൽ അവസാനിപ്പിച്ചത്.

ഇന്ന് നടത്തിയ തെരച്ചിലിൽ പുഴയുടെ അടിത്തട്ടിൽ നിന്നും ബൈക്കും, ടാറ്റ ലോറിയുടെ എഞ്ചിനും കണ്ടെത്തി. നാവികസേന പുഴയിൽ മാർക്ക് ചെയ്ത സിപി4 എന്ന പോയിൻ്റിനെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് എഞ്ചിനും മറ്റു ചില ലോഹഭാഗങ്ങളും കണ്ടെത്തിയത്.

അതേസമയം, ജില്ലാ ഭരണകൂടവുമായി അഭിപ്രായ ഭിന്നത ഉണ്ടായതോടെ രക്ഷാപ്രവർത്തനം പാതിവഴിയിൽ മതിയാക്കി ഈശ്വർ മാൽപ്പെ മടങ്ങി. ഷിരൂരിൽ ഇനി തെരച്ചിലിന് ഇറങ്ങില്ലെന്ന് ഈശ്വർ മാൽപെ പറഞ്ഞു. ഷിരൂരിൽ തെരച്ചിലിന് നേതൃത്വം നൽകാൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിലെത്തും. വീണ്ടും ഡ്രോൺ പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.

ഗംഗാവാലിയിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുമെന്നും, 80 മണിക്കൂർ പ്രവർത്തിപ്പിക്കുക എന്നതാണ് കമ്പനിയുമായുള്ള കരാറെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. മാൽപെ സ്വതന്ത്ര സംവിധാനമായി പ്രവർത്തിക്കാൻ ശ്രമിച്ചെന്നും കാർവാർ എംഎൽഎ വിമർശിച്ചു. 

SCROLL FOR NEXT