NEWSROOM

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക മുന്നറിയിപ്പ്

ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ അടുത്ത 3 ദിവസം വൈകിട്ടോ രാത്രിയോ അതിശക്തമോ തീവ്രമോ ആയ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് വരും മണിക്കൂറില്‍ വിവിധ ജില്ലകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ മൂന്ന് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത ഏറ്റവും കൂടുതലുള്ളത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിൻ്റെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്

അതേസമയം, നാളെ രണ്ട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.


എറണാകുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ അടുത്ത 3 ദിവസം വൈകിട്ടോ രാത്രിയോ അതിശക്തമോ തീവ്രമോ ആയ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കിഴക്കൻ മേഖല പ്രദേശങ്ങളിലെ പുഴകളിലും, വെള്ളച്ചാട്ടങ്ങളിലും ഇറങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 


SCROLL FOR NEXT