NEWSROOM

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ രോഗവ്യാപനം; ജലത്തിൽ റോട്ടോ, ആസ്ട്രോ വൈറസ് സാന്നിധ്യവും

ഡിഎൽഎഫിലെ അഞ്ചു ബ്ലോക്കുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ടിലാണ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്.

Author : അഹല്യ മണി

ഡിഎൽഎഫ് ഫ്ലാറ്റിൽ രോഗവ്യാപനത്തിന് കാരണം കോളിഫോം ബാക്ടീരിയ മാത്രമല്ലെന്ന് പുതിയ റിപ്പോർട്ട്. ജലത്തിൻ്റെ സാമ്പിളിൽ റോട്ടോ, ആസ്ട്രോ വൈറസുകളുടെ സാന്നിധ്യവും ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

രോഗബാധയുണ്ടായ 17ന് ഡിഎൽഎഫിലെ അഞ്ചു ബ്ലോക്കുകളിൽ നിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ടിലാണ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇവ പ്രധാനമായും വിസർജ്യത്തിലൂടെയും മലിന ജലത്തിലൂടെയും പടരുന്ന വൈറസുകളാണ്. റോട്ടാ വൈറസ് കുട്ടികളെയാണ് പ്രധാനമായും ബാധിക്കുന്നത്. പരിശോധനാ റിപ്പോർട്ട് ജില്ലാ ആരോഗ്യ വിഭാഗം, ആരോഗ്യ മന്ത്രിക്കും വകുപ്പ് ഡയറക്‌ടർക്കും സമർപ്പിച്ചിട്ടുണ്ട്. ഫ്ലാറ്റിലെ താമസക്കാർ ഉപയോഗിച്ചിരുന്ന കുടിവെള്ളത്തിൽ രോഗകാരികളായ ഇ കോളി, കോളിഫോം ബാക്ടീരിയ സാന്നിധ്യം അപകടകരമായ നിലയിലായിരുന്നെന്ന സ്വകാര്യ ലാബിന്റെ റിപ്പോർട്ട് ആരോഗ്യ വിഭാഗത്തിന് നേരത്തെ സമർപ്പിച്ചിരുന്നു.

ഇതുവരെ രോഗം ബാധിച്ച താമസക്കാരിൽ ഭൂരിഭാഗവും രോഗമുക്തരായി. 25 ൽ താഴെ പേർ മാത്രമേ ഇപ്പോൾ ചികിൽസയിലുള്ളു. 15 ടവറുകളിലായി 4095 പേർ താമസിക്കുന്ന ഡിഎൽഎഫ് ഫ്ലാറ്റിൽ, ഇതുവരെ 496 പേരാണ് മലിനജലം ഉള്ളിൽച്ചെന്നതിൻ്റെ ഭാഗമായി ഛർദിയും വയറിളക്കവുമുണ്ടായി ചികിത്സ തേടിയത്.

SCROLL FOR NEXT