NEWSROOM

വിദ്യാർഥിനിക്കെതിരായ നായ്ക്കുരണപ്പൊടി പ്രയോഗം: കുറ്റാരോപിതർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉറപ്പ്

കഴിഞ്ഞ ദിവസം ആരോപണ വിധേയരായ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ എട്ടു പേർക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി കാക്കനാട് പത്താം ക്ലാസുകാരിക്ക് നേരെ നായ്ക്കുരണ പൊടി പ്രയോഗിച്ച സംഭവത്തിൽ കുറ്റാരോപിതർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉറപ്പ്. കഴിഞ്ഞ ദിവസം ആരോപണ വിധേയരായ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ എട്ടു പേർക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തിരുന്നു.

അധ്യാപകരായ ശ്രീകാന്ത്, ജിഷ എന്നിവർ ഉൾപ്പെടെ എട്ടുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 5-ഉം 6-ഉം പ്രതികളായ അധ്യാപകർ അതിജീവിതക്ക് മതിയായ സപ്പോർട്ടും പരിരക്ഷയും നൽകാതെ മനപ്പൂർവ്വം അവഗണിച്ചു. ഇത് അതിജീവിതക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കി എന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.



ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ക്ലാസ് മുറിയിലെ പിൻബഞ്ചിലിരിക്കുന്ന വിദ്യാർഥിനിയായ അനന്യയാണ് പോളിത്തീൻ കവർ നിറയെ നായ്ക്കുരണ പൊടി കൊണ്ടുവന്നത്. സുഹൃത്തുക്കൾ വഴി കൈമാറുന്നതിനിടയിൽ തൻ്റെ ദേഹത്തേക്ക് അത് വീഴുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. പിന്നീട് ചൊറിച്ചിൽ സഹിക്കാൻ പറ്റാതെയായെന്നും പെൺകുട്ടി പറഞ്ഞു.

വാഷ് റൂമിലെത്തി തുണി കഴുകി കുളിച്ചപ്പോഴെക്കും കൈയിലെ തൊലിയൊക്കെ അടർന്നുപോയിരുന്നു. ഡ്രസ് പോലുമില്ലാതെയാണ് താൻ വാഷ് റൂമിൽ നിന്നതെന്നും,കാര്യം അറിഞ്ഞിട്ട് പോലും അധ്യാപകർ ഇടപെട്ടില്ലെന്നും ശരീരം മറയ്ക്കാൻ ഒരു തുണി പോലും തന്നില്ലെന്നും പെൺകുട്ടി പറഞ്ഞു.രണ്ടാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയും ചെയ്തു. പത്താം ക്ലാസ് പരീക്ഷ നടക്കുന്നതിനാൽ പരീക്ഷ കഴിഞ്ഞതിന് ശേഷം ആരോപണ വിധേയരായ കുട്ടികളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.


SCROLL FOR NEXT