NEWSROOM

പാലക്കാട് 'രാജികള്‍' അവസാനിക്കുന്നില്ല; ഡിഎംകെ (അന്‍വർ) ജില്ലാ സെക്രട്ടറി പാർട്ടി വിട്ടു

പാലക്കാട് രാജിവെച്ച ആൾക്ക് ഡിഎംകെയുമായി ബന്ധമില്ല. അത് മറ്റേതോ ഡിഎംകെ ആണെന്നായിരുന്നു പി.വി. അന്‍വറിന്‍റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മുന്‍പ് പാർട്ടികളില്‍ നിന്നും രാജിവെച്ചവരുടെ നിരയിലേക്ക് ഡിഎംകെ (അന്‍വർ) ജില്ലാ സെക്രട്ടറി ബി. ഷമീറും. പി.വി. അൻവറിൻ്റെ നിലപാടിൽ പ്രതിഷേധിച്ചാണ് ഷമീറിന്‍റെ രാജി. പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും ഷമീർ പ്രഖ്യാപിച്ചു. എന്നാല്‍ ഷമീറിനു ഡിഎംകെയുമായി ബന്ധമില്ലെന്നായിരുന്നു പാർട്ടി അധ്യക്ഷന്‍ പി.വി. അന്‍വറിന്‍റെ പ്രതികരണം.

"പാലക്കാട് രാജിവെച്ച ആൾക്ക് ഡിഎംകെയുമായി ബന്ധമില്ല. അത് മറ്റേതോ ഡിഎംകെ ആണ്", അന്‍വർ പറഞ്ഞു.

ഡിഎംകെയ്ക്ക് എല്ലാ വിഭാഗത്തിൽ നിന്നും പിന്തുണയുണ്ടെന്നും പി.വി. അന്‍വർ അറിയിച്ചു. രഹസ്യമായും പരസ്യമായും പിന്തുണ ലഭിക്കുന്നു. നവംബർ 23ന് വോട്ടെണ്ണുമ്പോള്‍ പിന്തുണ സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കുമെന്നും അന്‍വർ പറഞ്ഞു.

"എൽഡിഎഫ് ചേലക്കരയിൽ നടത്തിയ ഇലക്ഷൻ കൺവൻഷനിൽ കസേരകൾ ഒഴിഞ്ഞു കിടന്നു. സഖാക്കളുടെ മാനസികാവസ്ഥ മനസ്സിലാക്കിയാണ് മുഖ്യമന്ത്രി മടങ്ങിയത്. എസ് സി -എസ് ടി വിഭാഗത്തെ സിപിഎം പൂർണമായി അവഗണിക്കുന്നു", പി.വി. അന്‍വർ പറഞ്ഞു.

അന്‍വറിനൊപ്പം സിപിഎം മുന്‍ എംഎല്‍എയായ കാരാട്ട് റസാഖും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അന്‍വറുമായുള്ള സന്ദർശനം വ്യക്തിപരമാണെന്നും
അൻവർ പിന്തുണ തേടിയാൽ അത് സംബന്ധിച്ച് ആലോചിക്കുമെന്നും റസാഖ് പറഞ്ഞു.

Also Read: പാലക്കാട് മൂന്നിൽ നിന്ന് ഒന്നിലേക്ക് കുതിക്കും; ചരിത്രവിജയം നേടാൻ ചേലക്കര സജ്ജം: എം. വി. ഗോവിന്ദൻ

"കോഴിക്കോട് ജില്ലയിലുള്ള എനിക്ക് ഇവിടുത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായമില്ല. ഇപ്പോഴും എൽഡിഎഫിനൊപ്പം തന്നെ. എന്നാല്‍ അൻവറിനൊപ്പം ചേരുന്നതിനെ കുറിച്ച് ആലോചിക്കും. എൽഡിഎഫിന്‍റെ പിന്തുണ തനിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചിരുന്നില്ല. അതേക്കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും ഇപ്പോഴുമുണ്ട്", കാരാട്ട് റസാഖ് പറഞ്ഞു.  തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടത് മുതൽ സിപിഎം സംസ്ഥാന നേതാക്കളെ പരാതി അറിയിച്ചിരുന്നുവെന്നും മുന്‍ എംഎല്‍എ കൂട്ടിച്ചേർത്തു.

അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പ് അനുദിനം അപ്രവചനീയമായ സംഭവങ്ങള്‍ക്കാണ് സാക്ഷിയാകുന്നത്. രാവിലെ ഏരിയ സെക്രട്ടറിയുമായുള്ള ഭിന്നതയെ തുടർന്ന് പാർട്ടി വിടാന്‍ തീരുമാനിച്ച അബ്ദുള്‍ ഷുക്കൂർ വൈകിട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍‌വന്‍ഷന്‍ വേദിയിലെത്തി. കോൺഗ്രസ് പ്രാദേശിക നേതാവ്, ഷുക്കൂറിൻ്റെ വീട്ടിൽ എത്തി ചർച്ച നടത്തിയതായി വാർത്ത വന്നിരുന്നു.

അതുപോലതന്നെ പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് നാമനിർദേശ പത്രിക നല്‍കുമെന്നായിരുന്നു രാവിലെ വരെയുള്ള സൂചന എന്നാല്‍ കാര്യങ്ങള്‍ തലകീഴ്‌മറിഞ്ഞു. ഷാനിബ് ഇടതുമുന്നണി സ്ഥാനാർഥി പി. സരിന് നിരുപാധിക പിന്തുണ അറിയിച്ചു രംഗത്തെത്തി. പ്രചാരണത്തിന് സരിന് വേണ്ടി ഇറങ്ങുമെന്നും എ.കെ. ഷാനിബ് പറഞ്ഞു.

Also Read: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; പിന്തുണ പി.സരിന്: എ.കെ. ഷാനിബ്

സ്ഥാനാർഥിയെ പിന്‍വലിച്ച് എതിർ സ്ഥാനാർഥിക്ക് നിരുപാധിക പിന്തുണ നല്‍കുന്ന ട്രെന്‍ഡ് തുടങ്ങിവെച്ചത് പി.വി. അന്‍വറാണ്. പ്രചരണം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പാർട്ടി സ്ഥാനാർഥിയെ പിന്‍വലിച്ച് അന്‍വർ യുഡിഎഫിന് പൂർണ പിന്തുണ അറിയിച്ചു. വി.ഡി. സതീശൻ അപമാനിച്ചാലും ബിജെപിയെ തോൽപ്പിക്കുകയാണ് പ്രധാനമെന്നാണ് അന്‍വർ കാരണമായി ചൂണ്ടിക്കാട്ടിയത്. ജീവകാരുണ്യ പ്രവർത്തകനായ മിന്‍ഹാജ് മെദാര്‍ ആയിരുന്ന പാലക്കാട് ഡിഎംകെ (അന്‍വർ) സ്ഥാനാർഥി.

SCROLL FOR NEXT