NEWSROOM

കൗമാരക്കാരുടെ പ്രണയങ്ങളില്‍ 'പോക്സോ നിയമം' ദുരുപയോഗം ചെയ്യരുത്: അലഹബാദ് ഹൈക്കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിച്ചുവെന്ന കേസിൽ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം

Author : ന്യൂസ് ഡെസ്ക്

ഉഭയസമ്മതത്തോടെയുള്ള കൗമാരക്കാരുടെ പ്രണയ കേസുകളിൽ പോക്സോ നിയമം ദുരുപയോഗം ചെയ്യരുതെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗാകാതിക്രമത്തിൽ നിന്ന് സംരക്ഷിക്കുകയാണ് പോക്സോ നിയമത്തിൻ്റെ ലക്ഷ്യം. പരസ്പര സമ്മതത്തോടെയുള്ള പ്രണയ കേസുകളിൽ പോക്സോ നിയമപ്രകാരം കേസെടുക്കരുതെന്നും കോടതി പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിച്ചുവെന്ന കേസിൽ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം.

പരസ്പരസമ്മത പ്രകാരമുള്ള ബന്ധങ്ങളും, യഥാർഥ ചൂഷണങ്ങളും തിരിച്ചറിയുന്നതിലാണ് വെല്ലുവിളി. ഇതിന് സൂക്ഷമമായ സമീപനവും നീതിയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജുഡീഷ്യൽ പരിഗണനയും ആവശ്യമാണെന്ന് ജസ്റ്റിസ് കൃഷൻ പഹൽ പറഞ്ഞു. 2023 ജൂൺ 13 നാണ് സതീഷ് എന്ന യുവാവിനെതിരെ പെൺകുട്ടിയുടെ കുടുംബം ഡിയോറിയ ജില്ലയിലെ ബരാഹാജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്നാണ് പരാതി. തുടർന്ന് സതീഷിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 363, 366, 376 (തട്ടിക്കൊണ്ടുപോകല്‍, തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കകയോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ശ്രമിക്കുക, ബലാത്സംഗം, പോക്സോ) വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

എന്നാല്‍, ഒരേ ഗ്രാമത്തിലുള്ള യുവാവും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു എന്നും, മാതാപിതാക്കള്‍ തങ്ങളുടെ ബന്ധത്തെ എതിര്‍ക്കുമെന്ന ഭയത്താല്‍ ഓടിപ്പോയി ക്ഷേത്രത്തില്‍ വെച്ച് വിവാഹം ചെയ്യുകയായിരുന്നുവെന്നും സതീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഈ സമയം പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞതായും അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് സതീഷിന് ജാമ്യം അനുവദിച്ച് കോടതി ഉത്തരവിട്ടത്.

SCROLL FOR NEXT