NEWSROOM

ഡൽഹിയിൽ ഡ്യൂട്ടി ഡോക്ടറെ വെടിവെച്ചുകൊന്നു; ആക്രമണം ജേത്പുര്‍ നിമാ ആശുപത്രിയിൽ

മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം

Author : ന്യൂസ് ഡെസ്ക്



ഡൽഹിയിൽ ആശുപത്രിയിൽ ഡോക്ടറെ ഡ്യൂട്ടിക്കിടെ വെടിവെച്ചു കൊന്നു. ജേത്പുര്‍ നിമാ ആശുപത്രിയിലെ ഡോക്ടറായ ജാവേദ് അക്തർ(55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേരാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്രതികളെ തിരിച്ചറിയാൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ബുധനാഴ്ച രാത്രിയാണ് ജവേദിനെ കാണണമെന്ന് ആവശ്യപ്പെട്ട് കൊലയാളികൾ ആശുപത്രിയിൽ എത്തിയത്. കൊലപാതകം നടക്കുന്നതിന് ഒരു ദിവസം മുൻപ് അക്രമികൾ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. കാലിലെ മുറിവ് ഡ്രസ് ചെയ്ത ശേഷം ഡോക്ടറിൽ നിന്ന് മരുന്നിന്റെ കുറിപ്പടി വാങ്ങാനെന്ന പേരിലാണ് ഇരുവരും ക്യാബിനിനുള്ളിൽ പ്രവേശിച്ചത്. പിന്നാലെ യുനാനി മെഡിസിൻ പ്രാക്ടീഷണറായ ഡോക്ടർക്ക് നേരെ ഇവർ വെടിയുതിർത്തു.

ALSO READ: "ഒരു സ്ത്രീ എന്ന നിലയിലുള്ള എന്‍റെ യാത്രയെ നിസാരവൽക്കരിച്ചു"; വിവാഹമോചന വിവാദത്തില്‍ പ്രതികരണവുമായി സാമന്ത


ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകം ആസൂത്രിതമാണെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമം പോലീസ് തുടരുകയാണ്. ഫോറൻസിക് ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. കൊല്ലപ്പെട്ട ഡോക്ടറുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എയിംസിലേക്ക് മാറ്റി.

അതേസമയം, രാജ്യതലസ്ഥാനത്ത് ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഡൽഹി ആർഎംഎൽ ആശുപത്രിയിലും ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇതോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മരണത്തിൽ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് രാജ്യത്ത് വീണ്ടും കൊലപാതകം നടക്കുന്നത്.

SCROLL FOR NEXT