കൊൽക്കത്തയിലെ ജൂനിയർ ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നു. കൊൽക്കത്തയിലെ തെരുവിൽ ഡോക്ടമാർ ചേർന്ന് മനുഷ്യച്ചങ്ങല തീർത്തു. പ്രതിഷേധത്തിൻ്റെ ഭാഗമായി റോഡുകൾ ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധങ്ങൾക്കിടയിൽ ഡോക്‌ടർമാരും പൊലീസും രക്ഷാബന്ധൻ പ്രമാണിച്ച് രാഖികൾ കെട്ടിയതും ശ്രദ്ധേയമായി.
ആർജി കർ ആശുപത്രിയിലെ മുൻ വിദ്യാർഥികളും സീനിയർ ഡോക്ടർമാരുമെല്ലാം പ്രതിഷേധത്തിൽ പങ്കെടുത്തു. ഹോസ്‌പിറ്റലിൽ നടന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണെന്നും, തങ്ങൾക്ക് നീതി വേണമെന്നും പ്രതിഷേധത്തിൽ ഡോക്ടർമാർ ആവശ്യപ്പെട്ട. കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം ശിക്ഷിക്കണമെന്നും ഇരയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്തു വിടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കൊൽക്കത്തയിലെ പ്രതിഷേധങ്ങൾ ആശുപത്രികളിലെ പ്രവർത്തനങ്ങളെ ബാധിച്ചു. ഡോക്‌ടർമാർ തെരുവിലിറങ്ങിയതോടെ ആശുപത്രകളിൽ രോഗികളുടെ നീണ്ട നിര രൂപപ്പെട്ടു. 36 മണിക്കൂർ തുടർച്ചയായി ജോലി ചെയ്ത് രോഗികളെ പരിപാലിച്ചിട്ടും ക്രൂരതയ്ക്ക് ഇരയായ വനിതാ ഡോക്‌ടർക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ദാരുണമായ സംഭവത്തിൽ കൊൽക്കത്തയിൽ മാത്രമല്ല, രാജ്യവ്യാപകമായും പ്രതിഷേധങ്ങൾ നടക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ ഡോക്‌ടർമാർ ഐക്യദാർഢ്യം അറിയിച്ച് രംഗത്തെത്തിയിരുന്നു. ജോലി സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പു വരുത്തണമെന്നും നിയമ നിർമാണം നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യമുന്നയിച്ചു.