NEWSROOM

അഞ്ചാം വയസ്സില്‍ വിഴുങ്ങിയ പേനയുടെ അടപ്പ്; ശ്വാസകോശത്തില്‍ നിന്നും പുറത്തെടുത്തത് 21 വര്‍ഷങ്ങള്‍ക്കു ശേഷം

അസാധാരണമായി ശരീരഭാരം കുറയുന്നതും നിര്‍ത്താതെയുള്ള ചുമയും കാരണമാണ് 26 കാരന്‍ ചികിത്സ തേടിയത്

Author : ന്യൂസ് ഡെസ്ക്

അസാധാരണമായി ശരീരഭാരം കുറയുന്നതും നിര്‍ത്താതെയുള്ള ചുമയും കാരണമാണ് ഹൈദരാബാദിലെ 26 കാരന്‍ ചികിത്സ തേടിയത്. ഹൈദരാബാദിലെ കിംസ് ആശുപത്രിയില്‍ എത്തിയ യുവാവിനെ ഡോക്ടര്‍ ശുഭാകര്‍ നദല്ലയാണ് പരിശോധിച്ചത്.

വിശദമായ പരിശോധനയിലാണ് രോഗിയുടെ ശ്വാസകോശത്തില്‍ ഒരു പേനയുടെ അടപ്പ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ രോഗി എത്തുന്ന സമയത്ത് ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. രാത്രി ഉറങ്ങാന്‍ പോലും കഴിയാത്ത നിലയിലായിരുന്നു യുവാവെന്ന് ഡോക്ടര്‍ ശുഭാകര്‍ നദല്ലെ പറഞ്ഞു.

തുടര്‍ന്ന് സിടി സ്‌കാന്‍ ചെയ്തപ്പോഴാണ് ശ്വാസകോശത്തില്‍ അസാധാരണമായ മുഴ കണ്ടെത്തിയത്. രോഗിയുടെ നിര്‍ത്താതെയുള്ള ചുമയ്ക്ക് കാരണം ഈ മുഴ ആകുമെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ശ്വാസകോശത്തിലുള്ളത് മുഴ അല്ലെന്നും പേനയുടെ അടപ്പമാണെന്നും തിരിച്ചറിഞ്ഞത്.

26 വയസ്സുള്ള യുവാവിന്റെ ശ്വാസകോശത്തില്‍ പേനയുടെ അടപ്പ് കണ്ടെത്തിയത് അത്ഭുതപ്പെടുത്തി. ഇതിനെ കുറിച്ച് അദ്ദേഹത്തിന്റെ മൂത്ത സഹോദരനോട് അന്വേഷിച്ചപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം അദ്ദേഹം പറഞ്ഞത്. കുട്ടിയായിരിക്കുമ്പോള്‍ എന്തെങ്കിലും വിഴുങ്ങിയതായി അറിയുമോ എന്നായിരുന്നു ചോദിച്ചത്. തുടര്‍ന്നാണ് അഞ്ച് വയസ്സിലുണ്ടായ സംഭവം സഹോദരന്‍ ഓര്‍ത്തെടുത്തത്.

കളിക്കുന്നതിനിടയില്‍ പേനയുടെ അടപ്പ് വായിലിട്ടിരുന്ന സംഭവം സഹോദരന്‍ ഡോക്ടര്‍മാരോട് പറഞ്ഞു. അന്ന് തന്നെ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയിരുന്നതായും സഹോദരന്‍ പറഞ്ഞു. പക്ഷേ, ആ സമയത്ത് പരിശോധിച്ച ഡോക്ടര്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു അറിയിച്ചിരുന്നതെന്നും സഹോദരന്‍ അറിയിച്ചു.

എന്തായാലും മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് യുവാവിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ പേനയുടെ അടപ്പ് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. വര്‍ഷങ്ങളായി ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്ന ക്യാപ്പിന് ചുറ്റുമായി നീര്‍ക്കെട്ടും ടിഷ്യൂകളും രൂപപ്പെട്ടിരുന്നു. ചുറ്റുമുള്ള ഭാഗം വൃത്തിയാക്കിയതിനു ശേഷം ക്യാപ്പ് പുറത്തെടുക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പുറത്തു നിന്നുള്ള വസ്തുക്കള്‍ ശരീരത്തിനുള്ളില്‍ അകപ്പെട്ടാല്‍ കൃത്യസമയത്ത് തന്നെ കണ്ടെത്തി പുറത്തെടുക്കേണ്ടത് അനിവാര്യമാണെന്ന് ഡോക്ടര്‍ നദല്ല പറഞ്ഞു. അല്‍പനാള്‍ കൂടി കഴിഞ്ഞാണ് യുവാവ് ആശുപത്രിയില്‍ എത്തിയിരുന്നതെങ്കില്‍ നില ഗുരുതരമാകുമായിരുന്നു. വലിയ ശസ്ത്രക്രിയ അടക്കം വേണ്ടി വന്നേനെയെന്നും ഡോക്ടര്‍ പറഞ്ഞു.

കുട്ടികള്‍ കളിക്കുന്ന സമയത്ത് മാതാപിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും വല്ലതും വിഴുങ്ങിയാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ പരിശോധനകളെല്ലാം നടത്തേണ്ടത് ഭാവിയിലുണ്ടാകുന്ന വലിയ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുമെന്നും ഡോക്ടര്‍ ഓര്‍മിപ്പിച്ചു.

SCROLL FOR NEXT