NEWSROOM

കലോത്സവ ഡ്യൂട്ടിയുമായി സഹകരിക്കും, ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഉറപ്പ് ലഭിച്ചു; സമരം അവസാനിപ്പിച്ച് ഡോക്ടര്‍മാര്‍

സംഘടനയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്ന ആരോഗ്യ വകുപ്പ് സെക്രട്ടറി അറിയിച്ചതായി കെജിഎംഒഎ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്


കലോത്സവ ഡ്യൂട്ടിയുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് കാണിച്ച് രംഗത്തെത്തിയ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നിസഹകരണ സമരം അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്.

ആരോഗ്യവകുപ്പ് സെക്രട്ടറി കെജിഎംഒഎയുമായി ചര്‍ച്ച നടത്തിയിരുന്നു. സംഘടനയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്ന് സെക്രട്ടറി അറിയിച്ചതായും കെജിഎംഒഎ അറിയിച്ചു.

25 കലോത്സവ വേദികളിലും ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരിക്കില്ലെന്ന് കാണിച്ച് നേരത്തെ ഡോക്ടര്‍മാര്‍ ഡിഎംഒയ്ക്ക് കത്ത് നല്‍കിയിരുന്നു. ആര്യനാട് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരായ നടപടിയിലായിരുന്നു മറ്റു ഡോക്ടമാരുടെ പ്രതിഷേധം.

ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ വ്യാജ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പോലും നടത്താതെ സസ്‌പെന്‍ഡ് ചെയ്തു എന്ന് ആരോപിച്ച് ഒക്ടോബര്‍ 23 മുതല്‍ ജില്ലയിലെ കെജിഎംഒഎ അംഗങ്ങള്‍ അനിശ്ചിതകാല നിസഹകരണ സമരത്തിലാണെന്നായിരുന്നു ഡോക്ടര്‍മാര്‍ ഡിഎംഒയെ അറിയിച്ചത്. അനുമതിയില്ലാതെ സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നായിരുന്നു ആരോപണവിധേയനായ ഡോക്ടര്‍ക്കെതിരെ വന്ന വാര്‍ത്ത. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്നാണ് ഡോക്ടര്‍മാരുടെ വാദം.

അടിയന്തര വൈദ്യസഹായത്തിനായി പ്രധാന വേദികളില്‍ മെഡിക്കല്‍ സംഘം സജ്ജമാക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. മറ്റ് വേദികളില്‍ ഫസ്റ്റ് എയ്ഡ് ടീമും കനിവ് 108 ആംബുലന്‍സ് സേവനവുമുണ്ടാകുമെന്നും അറിയിച്ചിരുന്നു. ഡോക്ടര്‍, നഴ്‌സിങ് ഓഫീസര്‍, നഴ്‌സിങ് അസിസ്റ്റന്റ് / ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ് 1 എന്നിവരടങ്ങിയ മെഡിക്കല്‍ ടീമും ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. പതിനായിരത്തിനു മുകളില്‍ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും അതിലുമേറെ കാണികളും പങ്കെടുക്കുന്ന കലോത്സവത്തില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായില്ലെങ്കില്‍ വലിയ പ്രതിസന്ധിക്ക് കാരണമാകും. പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമത്തിലാണ് അധികൃതര്‍.

അതേസമയം, 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടി ഉയര്‍ന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐഎഎസ് ആണ് പതാക ഉയര്‍ത്തിയത്. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.

SCROLL FOR NEXT