NEWSROOM

മൂന്ന് ഔൺസ് കഞ്ചാവ് നിയമവിധേയമാക്കും; പുതിയ പ്രഖ്യാപനവുമായി ട്രംപ്

ഫ്ലോറിഡയിൽ വ്യക്തിഗത അളവിൽ കഞ്ചാവ് കൈവശം വെക്കുന്നതിലെ വിലക്ക് നീക്കുമെന്നായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം

Author : ന്യൂസ് ഡെസ്ക്

ഫ്ലോറിഡയിൽ കഞ്ചാവ് നിയമവിധേയമാക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ് റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡൻ്റ് സ്ഥാനാർഥിയും മുൻ പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപ്. വ്യക്തിഗത അളവിൽ കഞ്ചാവ് കൈവശം വെക്കുന്നവരെ പിടികൂടാനായി നികുതിദായകരുടെ പണം പാഴാക്കരുതെന്നും ട്രംപ് പറഞ്ഞു. 'നോ ടാക്സ് ഓൺ ടിപ്‌സ്' പ്രചരണ പരിപാടിയുടെ ഭാഗമായി ട്രൂത്ത് സാമൂഹ്യ മാധ്യമത്തിലൂടെയായിരുന്നു ട്രംപിൻ്റെ ഈ പരാമർശം. ഫ്ലോറിഡയിൽ വ്യക്തിഗത അളവിൽ കഞ്ചാവ് കൈവശം വയ്ക്കുന്നതിലെ വിലക്ക് നീക്കുമെന്നായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം.

21 വയസിന് മുകളിലുള്ളവർക്ക് മൂന്ന് ഔൺസ് വരെ കൈവശം വയ്ക്കാനും വാങ്ങാനുമുള്ള അവകാശം നിയമവിധേയമാക്കാൻ താൻ പരിശ്രമിക്കും. ആളുകൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിയമഭേദഗതി കൊണ്ടുവരും. ഇതിനായി വോട്ടർമാരുടെ അംഗീകാരം തനിക്ക് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ കഞ്ചാവ് ഉപയോഗം നിയമപരമാകുമ്പോൾ, മറ്റൊരു സംസ്ഥാനത്ത് ഉപഭോക്താക്കൾ കുറ്റവാളികളാകരുത്. പകരം പൊതു ഇടങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുന്നത് നിരോധിക്കുന്ന നിയമങ്ങൾ മതിയാകുമെന്നും ട്രംപ് നിർദേശിച്ചു. ചെറിയ അളവിൽ കഞ്ചാവ് കൈവശം വെക്കുന്നവരെ പിടികൂടാനായി നികുതിദായകർ നൽകുന്ന പണം പാഴാക്കുന്നതിനോട് യോജിപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

എന്നാൽ, മയക്കുമരുന്ന് നയത്തിൽ ട്രംപ് നിലപാട് തിരുത്തിയത് കേവലം രാഷ്ട്രീയ നാടകമാണെന്ന് റിപ്പബ്ലിക്കൻ നേതാക്കൾ പ്രതികരിച്ചു. 2022ൽ മയക്കുമരുന്ന് ഇടപാടുകാരെ വധിക്കണമെന്നായിരുന്നു ട്രംപിൻ്റെ നിലപാടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

SCROLL FOR NEXT